അഡ്‌ലെയ്‌ഡ് :ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ കൂറ്റൻ തോൽവിയോടെ ഇന്ത്യ പുറത്ത്. മത്സരത്തിൽ ഇന്ത്യയുടെ 169 റണ്‍സ് വിജയ ലക്ഷ്യം 15.5 ഓവറിൽ വിക്കറ്റ് നഷ്‌ടം കൂടാതെ ഇംഗ്ലണ്ട് മറികടക്കുകയായിരുന്നു. ഓപ്പണർമാരായ ജോസ് ബട്‌ലർ(80), അലക്‌സ് ഹെയ്‌ൽസ്(86) എന്നിവരുടെ ബാറ്റിങ് മികവാണ് ഇംഗ്ലണ്ടിന് തകർപ്പൻ വിജയം സമ്മാനിച്ചത്. ഞായറാഴ്‌ച നടക്കുന്ന ഫൈനലിൽ ഇംഗ്ലണ്ട് പാകിസ്ഥാനെ നേരിടും.
ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് ആദ്യ ഓവർ മുതൽ തന്നെ ആക്രമിച്ചാണ് കളിച്ചത്. ഇന്ത്യൻ ബോളർമാരെ തലങ്ങും വിലങ്ങും പായിച്ച ബട്‌ലർ- ഹെയ്‌ൽസ് ഓപ്പണിങ് സഖ്യം പവർപ്ലേയിൽ തന്നെ മത്സരം തങ്ങളുടെ വരുതിയിലാക്കിയിരുന്നു. ആദ്യ ആറ് ഓവറിൽ 63 റണ്‍സാണ് ഇംഗ്ലണ്ട് അടിച്ചെടുത്തത്. പവർപ്ലേയ്‌ക്ക് ശേഷവും ഇന്ത്യൻ ബോളർമാരെ ഒരു ദയവും കൂടാതെ ഇരുവരും അടിച്ചൊതുക്കി.
49 പന്തിൽ മൂന്ന് സിക്‌സിന്‍റെയും ഒൻപത് ഫോറിന്‍റെയും അകമ്പടിയോടെയാണ് ജോസ് ബട്‌ലർ 80 റണ്‍സ് നേടിയത്. 47 പന്തിൽ 7 സിക്‌സും നാല് ഫോറും ഉൾപ്പടെയാണ് അലക്‌സ് ഹെയ്‌ൽസ് 86 റണ്‍സ് സ്വന്തമാക്കിയത്. ടി20 ലോകകപ്പിൽ ഇംഗ്ലണ്ടിന്‍റെ മൂന്നാം ഫൈനലാണിത്. 2010ൽ ഓസ്‌ട്രേലിയക്കെതിരെ വിജയിച്ച് ഇംഗ്ലണ്ട് കപ്പുയർത്തിയപ്പോൾ 2016ൽ വിൻഡീസിനെതിരെ തോൽവിയായിരുന്നു ഫലം.
പതിഞ്ഞ തുടക്കം : നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ വിരാട് കോലിയുടെയും(40 പന്തിൽ 50), ഹാർദിക് പാണ്ഡ്യയുടേയും(33 പന്തിൽ 63) അർധസെഞ്ച്വറി മികവിലാണ് 168 റണ്‍സ് സ്വന്തമാക്കിയത്. ഓപ്പണർ കെഎൽ രാഹുലിനെ(5) രണ്ടാം ഓവറിൽ തന്നെ നഷ്‌ടപ്പെട്ടെങ്കിലും തുടർന്നൊന്നിച്ച വിരാട് കോലിയും രോഹിത് ശർമയും ചേർന്ന് സ്‌കോർ ഉയർത്തുകയായിരുന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി.
എന്നാൽ എട്ടാം ഓവറിൽ രോഹിത്തിനെ(27) ഇന്ത്യക്ക് നഷ്‌ടമായി. പിന്നാലെ ഇന്ത്യൻ പ്രതീക്ഷയായിരുന്ന സൂര്യകുമാർ യാദവ് കളത്തിലെത്തിയെങ്കിലും താരത്തിന് അധിക സമയം പിടിച്ചുനിൽക്കാനായില്ല. പുറത്താകുമ്പോൾ 14 റണ്‍സ് മാത്രമായിരുന്നു താരത്തിന്‍റെ സമ്പാദ്യം. ഇതോടെ ഇന്ത്യ 11.2 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്‌ടത്തിൽ 75 എന്ന നിലയിലായി. എന്നാൽ സൂര്യകുമാറിന് പിന്നാലെ ക്രീസിലെത്തിയ ഹാർദിക് പാണ്ഡ്യ കോലിക്കൊപ്പം സ്‌കോർ ഉയർത്തി.
വേഗത കൂട്ടി ഹാർദിക് : പാണ്ഡ്യ എത്തിയതോടെ, ഇഴഞ്ഞ് നീങ്ങുകയായിരുന്ന ഇന്ത്യൻ സ്‌കോർ വേഗത്തിലായി. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. എന്നാൽ ടീം സ്‌കോർ 136ൽ നിൽക്കെ അർധ സെഞ്ച്വറി പൂർത്തിയാക്കിയ തൊട്ടടുത്ത പന്തിൽ തന്നെ കോലി പുറത്തായി. കോലിയും ഹാർദിക്കും ചേർന്ന് 61 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇന്ത്യക്കായി പടുത്തുയർത്തിയത്. പിന്നാലെയെത്തിയ റിഷഭ് പന്തിനെ കൂട്ടുപിടിച്ച് ഹാർദിക് ടീം സ്‌കോർ 150 കടത്തി.
ഇതിനിടെ ഹാർദിക് തന്‍റെ അർധ സെഞ്ച്വറിയും പൂർത്തിയാക്കി. എന്നാൽ അവസാന ഓവറിൽ റിഷഭ് പന്ത്(6) റണ്‍ഔട്ട് ആയി. പിന്നാലെ ഓവറിലെ നാലും അഞ്ചും പന്തുകളിൽ ബൗണ്ടറിയടിച്ച് ഹാർദിക് പാണ്ഡ്യ മുന്നേറിയെങ്കിലും അവസാന പന്തിൽ ഹിറ്റ് ഔട്ടായി താരം പുറത്തായി. ഇംഗ്ലണ്ടിനായി ക്രിസ് ജോർദാൻ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ക്രിസ് വോക്‌സ്, ആദിൽ റഷീദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.