ഒമാന്‍: ടി20 ലോകകപ്പ് യോഗ്യത റൗണ്ട് മത്സരത്തില്‍ ബംഗ്ലാദേശിനെ കീഴടക്കി സ്‌കോട്ട്‌ലന്‍ഡ്. ആറ് റണ്‍സിനാണ് സ്‌കോട്ട്‌ലന്‍ഡിന്‍റെ വിജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റുചെയ്യാനിറങ്ങിയ സ്‌കോട്ട്‌ലന്‍ഡ് നിശ്ചിത ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ ഉയര്‍ത്തിയ 141 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശിന് നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് എടുക്കാനേ സാധിച്ചുള്ളു. സ്‌കോര്‍: സ്‌കോട്ട്‌ലന്‍ഡ് 140/9 (20), ബംഗ്ലാദേശ് 134/7 (20).
കൃത്യമായ ഇടവേളകളില്‍ വിക്കറ്റുകള്‍ വീഴ്‌ത്തിയ ബൗളര്‍മാരാണ് സ്‌കോട്ട്‌ലന്‍ഡിന് ടൂര്‍ണമെന്‍റില്‍ വിജയത്തുടക്കം നല്‍കിയത്. 36 പന്തില്‍ 38 റണ്‍സ് നേടിയ മുഷ്‌ഫുഖുര്‍ റഹീമാണ് ബംഗ്ലാദേശിന്‍റെ ടോപ് സ്കോറര്‍. ഷാക്കീബ് അല്‍ ഹസന്‍ (28 പന്തില്‍ 20), മഹമ്മുദുള്ള (22 പന്തില്‍ 23), അഫിഫ് ഹൊസൈന്‍ (12 പന്തില്‍ 18), മെഹ്‌ദി ഹസന്‍ (5 പന്തില്‍ 13) എന്നിങ്ങനെയാണ് മറ്റുള്ള താരങ്ങളുടെ പ്രധാന സംഭാവന. മറ്റ് താരങ്ങള്‍ക്ക് രണ്ടക്കം കടക്കാനായില്ല.
സ്‌കോട്ട്‌ലന്‍ഡിനായി ബ്രാഡ്‌ലി വീല്‍ നാല് ഓവറില്‍ 24 റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റും ക്രിസ് ഗ്രേവ്‌സ് മൂന്ന് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും വീഴ്ത്തി. ജോഷ് ഡാവി നാല് ഓവറില്‍ 24 റണ്‍സ് വിട്ടുകൊടുത്തും മാര്‍ക്ക് വാട്ട് നാല് ഓവറില്‍ 19 റണ്‍സ് വിട്ടുകൊടുത്തും ഓരോ വിക്കറ്റും നേടി.