ബ്രിസ്ബേന്‍: സ്റ്റാര്‍ പേസര്‍ ജസ്‌പ്രീത് ബുംറയ്‌ക്ക് പകരക്കാരനായാണ് വെറ്ററന്‍ താരം മുഹമ്മദ് ഷമി ടി20 ലോകകപ്പിനായി ഓസ്‌ട്രേലിയയിലേക്ക് പറന്നത്. നേരത്തെ സ്റ്റാന്‍ഡ് ബൈ പട്ടികയില്‍ ഉള്‍പ്പെട്ട ഷമിയെ ബുംറയുടെ പുറത്താവലോടെയാണ് പ്രധാന സ്‌ക്വാഡിലേക്ക് തെരഞ്ഞെടുത്തത്. കഴിഞ്ഞ വര്‍ഷം യുഎഇയില്‍ നടന്ന ടി20 ലോകകപ്പിന് ശേഷം ഇന്ത്യയ്‌ക്കായി ഫോര്‍മാറ്റില്‍ ഒരൊറ്റ മത്സരം പോലും കളിച്ചിട്ടില്ല.
നാട്ടില്‍ ഓസ്‌ട്രേലിയയ്‌ക്കും തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കും എതിരായ പരമ്പരയ്‌ക്കുള്ള ടീമില്‍ ഇടം നേടിയെങ്കിലും കൊവിഡ് തിരിച്ചടിയായി. ഇതേതുടര്‍ന്ന് ഓസ്‌ട്രേലിയയിലേക്ക് പോകും മുമ്പ് ദേശീയ ക്രിക്കറ്റ് അക്കാദമിയില്‍ ഫിറ്റ്‌നസ് പരിശോധനയും താരത്തിന് നേരിടേണ്ടി വന്നു. എന്നാല്‍ ഓസീസിനെതിരായ സന്നാഹ മത്സരത്തില്‍ മിന്നും പ്രകടനമാണ് ഷമി നടത്തിയത്.
ഒരോവറില്‍ നാല് റണ്‍സ് മാത്രം വഴങ്ങിയ താരം മൂന്ന് വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ഈ മത്സരത്തിനിറങ്ങും മുമ്പ് താരം സോഷ്യല്‍ മീഡിയയില്‍ കുറിച്ച വാക്കുകള്‍ ശ്രദ്ധേയമാവുകയാണ്. കഠിനാധ്വാനത്തിന്‍റെ പ്രതിഫലമാണ് ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവെന്നാണ് താരം ട്വിറ്ററില്‍ കുറിച്ചത്.
"തിരിച്ചുവരാൻ വളരെയധികം കഠിനാധ്വാനവും പ്രതിബദ്ധതയും അർപ്പണബോധവും ആവശ്യമായിരുന്നു. എന്നാൽ ഓസ്‌ട്രേലിയയിലേക്കുള്ള യാത്ര തികച്ചും പ്രതിഫലദായകമാണ്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നതിനേക്കാള്‍ മികച്ച മറ്റൊരു വികാരമില്ല. ലോകകപ്പിനായി കാത്തിരിക്കുകയാണ്", എന്നായിരുന്നു ഷമി എഴുതിയത്.