അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് ഗ്രൂപ്പ് ഘട്ട പോരാട്ടത്തിൽ ബംഗ്ലാദേശ് ഓപ്പണർ ലിറ്റണ്‍ ദാസിന്‍റെ ബാറ്റിന്‍റെ ചൂടറിയാത്ത ഇന്ത്യൻ ബോളർമാർ ഇല്ലെന്ന് തന്നെ പറയാം. ഇന്ത്യ ഉയർത്തിയ 185 റൺസ് പിന്തുടർന്ന ബംഗ്ലാദേശിന് മിന്നും തുടക്കമാണ് ലഭിച്ചത്. പരിചയസമ്പന്നരായ ഭുവനേശ്വർ കുമാർ, മുഹമ്മദ് ഷമി. യുവതാരം അർഷ്‌ദീപ് സിങ്ങ് എന്നിവരെയെല്ലാം തലങ്ങും വിലങ്ങും ലിറ്റണ്‍ ദാസ് ബൗണ്ടറി കടത്തി. മറുവശത്ത് സഹ ഓപ്പണറായ നജ്‌മുൽ ഹുസൈൻ ഷാന്‍റോക്ക് കാഴ്‌ച്ചക്കാരന്‍റെ റോൾ മാത്രമായിരുന്നു.
27 പന്തിൽ 7 ഫോറും 3 സിക്‌സുമടക്കം 60 റൺസുമായി ഇന്ത്യയെ വിറപ്പിച്ച ലിറ്റണ്‍ പുറത്തായതോടെയാണ് മത്സരത്തിൽ ബംഗ്ലാവീര്യം അണഞ്ഞത്. രാഹുലിന്‍റെ നേരിട്ടുള്ള തകര്‍പ്പന്‍ ത്രോയിലാണ് പുറത്തായത്. അശ്വിന്‍ എറിഞ്ഞ ഓവറില്‍ രണ്ടാം പന്ത് ഷാന്‍റോ ഡീപ് മിഡ് വിക്കറ്റിലേക്ക് കളിച്ചു. എന്നാല്‍ രണ്ടാം റണ്‍ ഓടുന്നതിനിടെ ലിറ്റണ്‍ പുറത്തായി. രാഹുലിന്‍റെ ത്രോ ബാറ്റിങ് എന്‍ഡില്‍ ബെയ്ല്‍സ് ഇളക്കി. പിന്നീട് ബംഗ്ലാദേശ് തകരുകയായിരുന്നു.
21 പന്തിൽ അർദ്ധ സെഞ്ച്വറി നേടിയ ലിറ്റണ്‍ ഈ ടി20 ലോകകപ്പിലെ രണ്ടാമത്തെ വേഗമേറിയ ഫിഫ്‌റ്റിയാണ് സ്വന്തമാക്കിയത്. 17 പന്തിൽ 50 കടന്ന ഓസീസ് താരം മർകസ് സ്റ്റോയിനിസിന്‍റെ പേരിലാണ് നിലവിൽ വേഗമേറിയ അർദ്ധ സെഞ്ച്വറി. അതോടൊപ്പം തന്നെ ടി20യിൽ ഒരു ബംഗ്ലാദേശ് താരത്തിന്‍റെ രണ്ടാമത്തെ വേഗമേറിയ ഫിഫ്‌റ്റിയും ലിറ്റണ്‍ സ്വന്തം പേരിലാക്കി. 2007 ടി20 ലോകകപ്പിൽ 20 പന്തിൽ അർദ്ധ ശതകം പിന്നിട്ട മൊഹമ്മദ് അശ്‌റഫുളിന്‍റെ പേരിലാണ് വേഗമേറിയ ഫിഫ്‌റ്റി.