കറാച്ചി : ടി 20 ലോകകപ്പ് നേടാൻ ഏറ്റവും സാധ്യതയുള്ള ടീം ഇന്ത്യയാണെന്ന പ്രവചനവുമായി മുൻ പാകിസ്ഥാൻ ക്യാപ്‌റ്റൻ ഇൻസമാം ഉൾ ഹക്ക്. ഗൾഫ് രാജ്യങ്ങളിലെ സാഹചര്യം ഇന്ത്യക്ക് അനുകൂലമാണെന്നും അതിനാൽ വിരാട് കോലിയുടെ നേതൃത്വത്തിൽ ഇന്ത്യ കപ്പുയർത്താണ് സാധ്യതയെന്നും ഹക്ക് പറഞ്ഞു.
ഏതൊരു മത്സരമെടുത്താലും ആര് വിജയിക്കും എന്ന് കൃത്യമായി പറയാൻ സാധിക്കില്ല. എന്നാൽ വിജയ സാധ്യത ആർക്കാണ് കൂടുതൽ എന്ന് പറയാൻ കഴിയും. എന്‍റെ കാഴ്‌ചപ്പാടിൽ ഇന്ത്യക്കാണ് ഏറ്റവുമധികം സാധ്യത. അവർക്ക് പരിചയസമ്പന്നരായ ടി20 താരങ്ങളുണ്ട്. കൂടാതെ യുഎഇയിലെ സാഹചര്യവും ഇന്ത്യക്ക് അനുകൂലമാണ്, ഇൻസമാം ഉൾ ഹക്ക് പറഞ്ഞു.
ഓസ്ട്രേലിയക്കെതിരായ സന്നാഹ മത്സരത്തിൽ ഇന്ത്യ വളരെ അനായാസമായാണ് വിജയിച്ചത്. ഇത്തരം പിച്ചുകളിൽ ലോകത്തെ ഏറ്റവും അപകടകാരികളായ ടീം ഇന്ത്യയാണെന്നതിന് തെളിവാണിത്. 155 റണ്‍സ് എന്ന ലക്ഷ്യം ഇന്ത്യ എന്ത് നിസാരമായാണ് പിന്തുടർന്നത്. അതിൽ ക്യാപ്‌റ്റൻ വിരാട് കോലി ബാറ്റിങ്ങിനിറങ്ങിയില്ല എന്ന് കൂടി ഓർക്കണം. അത്രത്തോളം ശക്തമാണ് ഇന്ത്യയുടെ ബാറ്റിങ് നിര, ഇൻസമാം പറഞ്ഞു.