കറാച്ചി: ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ മത്സരത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയാണ് വിരാട് കോലി ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. പുറത്താകാതെ 52 പന്തിൽ 83 റൺസെടുത്ത പ്രകടനം താരത്തിന്‍റെ കരിയറിലെ മികച്ച ടി20 ഇന്നിങ്‌സുകളില്‍ ഒന്നായാണ് കണക്കാക്കപ്പെടുന്നത്. പാകിസ്ഥാന്‍ ഉയര്‍ത്തിയ 159 റണ്‍സ് വിജയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യയ്‌ക്ക് അവസാന എട്ട് പന്തില്‍ 28 റണ്‍സായിരുന്നു വേണ്ടിയിരുന്നത്.
പാകിസ്ഥാനായി 19-ാം ഓവര്‍ എറിഞ്ഞ ഹാരീസ് റൗഫിന്‍റെ അവസാന പന്തുകളില്‍ കോലി പറത്തിയ സിക്‌സുകള്‍ ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായകമായിരുന്നു. റൗഫിന്‍റെ അഞ്ചാം പന്ത് ഒരു ബാക്ക് ഫൂട്ട് പഞ്ചിലൂടെ ലോങ് ഓണിലേക്കാണ് കോലി പറത്തിയത്. തുടര്‍ന്ന് അവസാന പന്ത് ബിഹൈന്‍റ് സ്‌ക്വയര്‍ ലഗിലേക്ക് ഫ്ലിക് ചെയ്യുകയും ചെയ്‌തു.
മറ്റൊരു താരത്തിനും കഴിയാത്ത ഷോട്ടുകള്‍:ഇപ്പോഴിതാ കോലിയുടെ ഈ പ്രകടനത്തെക്കുറിച്ച് ആദ്യമായി സംസാരിച്ചിരിക്കുകയാണ് ഹാരിസ് റൗഫ്. ലോകത്ത് മറ്റൊരു താരത്തിനും അത്തരം ഷോട്ടുകള്‍ കളിക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്നാണ് ഹാരിസ് റൗഫ് ഒരു അഭിമുഖത്തില്‍ പറഞ്ഞത്.
"കോലിയുടെ ക്ലാസ് അതാണ്. അദ്ദേഹം കളിക്കുന്ന ഷോട്ടുകൾ, അദ്ദേഹം അടിച്ച ആ രണ്ട് സിക്‌സുകള്‍, ലോകത്ത് മറ്റൊരു കളിക്കാരനും അത്തരം ഷോട്ടുകൾ അടിക്കാൻ കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ദിനേശ് കാർത്തിക്കോ ഹാർദിക് പാണ്ഡ്യയോ എന്നെ അങ്ങനെ അടിച്ചിരുന്നെങ്കിൽ എനിക്ക് വേദനിക്കാമായിരുന്നു. പക്ഷെ അത് കോലിയായിരുന്നു. അദ്ദേഹത്തിന്‍റെ ക്ലാസ് വേറെയാണ്", ഹാരിസ് റൗഫ് പറഞ്ഞു.