ദുബൈ: ടി20 ലോകകപ്പിന്‍റെ കിരീടപ്പോരാട്ടത്തില്‍ ഓസ്ട്രേലിയയും ന്യൂസിലൻഡും ഇന്ന് പോരടിക്കും. ഇന്ത്യന്‍ സമയം രാത്രി 7:30ന് ദുബൈയിലാണ് കലാശപ്പോര് നടക്കുക. കുട്ടിക്രിക്കറ്റില്‍ കന്നി കിരീടമാണ് ഇരുസംഘവും ലക്ഷ്യം വെയ്‌ക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായാണ് ഇരു സംഘവും സെമിക്കെത്തിയിരുന്നത്.
കിവീസ് ഇംഗ്ലണ്ടിനേയും ഓസീസ് പാകിസ്ഥാനെയും തോല്‍പ്പിച്ചാണ് കലാശപ്പോരാട്ടത്തിന് ടിക്കറ്റെടുത്തത്. അഞ്ച് വിക്കറ്റിനായിരുന്നു ഇരു സംഘവും വിജയം പിടിച്ചത്.
അത്മവിശ്വാസവും ആശങ്കയും
ഐസിസിയുടെ ടി20 റാങ്കിങ്ങില്‍ നാലാം സ്ഥാനക്കാരാണ് കിവീസ്. അച്ചടക്കമുള്ള ബൗളിങ് യൂണിറ്റാണ് ടീമിന്‍റെ കരുത്ത്. ട്രെൻഡ് ബോൾട്ട്, ടിം സൗത്തി, ആദം മില്‍നെ എന്നിവരുടെ ആദ്യ സ്‌പെല്ലിലെ പ്രകടനം ടീമിന് നിര്‍ണായകമാവും. ബാറ്റിങ്ങില്‍ ഫോമിലുള്ള മാർട്ടിൻ ഗപ്റ്റിലാണ് ടീമിന്‍റെ പ്രതീക്ഷ. കെയ്ൻ വില്യംസണ്‍, ഡാരിൽ മിച്ചൽ, ഗ്ലെൻ ഫിലിപ്സ്, തുടങ്ങിയ താരങ്ങളും മിന്നിയാല്‍ കിവീസിനെ പിടിച്ച് കെട്ടുക എളുപ്പമാവില്ല.
അതേസമയം ഡെവണ്‍ കോണ്‍വെ പരിക്കേറ്റ് പുറത്തായത് ടീമിന് തിരിച്ചടിയാണ്. ഇംഗ്ലണ്ടിനെതിരായ സെമിയില്‍ പുറത്തായതിന്‍റെ ദേശ്യം തീര്‍ക്കാന്‍ ബാറ്റിലടിച്ച് കൈവിരലിന് പരിക്കേറ്റതാണ് കോണ്‍വെയ്‌ക്ക് തിരിച്ചടിയായത്. താരത്തിന് പകരം ടിം സീഫെർട്ട് ടീമിലെത്തും.