ദുബായ്: ലോകകപ്പ് വേദിയില്‍ ഇന്ത്യ പാക്കിസ്ഥാനോട് ആദ്യ തോല്‍വി വഴങ്ങിയതിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ നോബോള്‍ വിവാദം ചൂടുപിടിക്കുന്നു. ഇന്ത്യൻ ഓപ്പണര്‍ കെഎൽ രാഹുലിന്‍റെ പുറത്താവലുമായി ബന്ധപ്പെട്ടാണ് വിവാദം കത്തുന്നത്.
താരം പുറത്തായ പന്ത് നോബോളാണെന്നാണ് തെളിവുകള്‍ നിരത്തി സോഷ്യല്‍ മീഡിയ ചൂണ്ടിക്കാട്ടുന്നത്. ഷഹീന്‍ അഫ്രീദി എറിഞ്ഞ മൂന്നാം ഓവറിലെ ആദ്യ പന്തിലാണ് കുറ്റി തെറിച്ച് രാഹുല്‍ തിരിച്ച് കയറിയത്. പന്ത് റിലീസ് ചെയ്യുമ്പോള്‍ അഫ്രീദിയുടെ കാല്‍ വരക്ക് പുറത്താണെന്ന് തെളിയിക്കുന്ന ചിത്രങ്ങളാണ് ആരാധകർ പങ്കുവെച്ചിരിക്കുന്നത്.
ടി20 ലോകകപ്പ് പോലുള്ള പ്രധാന മത്സരത്തില്‍ ഇത്തരത്തില്‍ ഒരു പിഴവ് സംഭവിക്കാന്‍ പാടില്ലെന്നും മത്സരം നിയന്ത്രിച്ച അമ്പയർ ഉറങ്ങുകയായിരുന്നോയെന്നുമാണ് ആരാധകർ ചോദിക്കുന്നത്. പുറത്താവുമ്പോള്‍ എട്ട് പന്തില്‍ മൂന്ന് റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. രോഹിത് ശര്‍മ്മയ്‌ക്ക് പിന്നാലെ രാഹുലും പുറത്തായത് ഇന്ത്യയ്‌ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
also read: 'നിങ്ങള്‍ രോഹിത്തിനെ ഒഴിവാക്കുമോ?'; വിവാദത്തിന് ശ്രമിച്ച പാക് മാധ്യമ പ്രവര്‍ത്തകന്‍റെ വായടപ്പിച്ച് കോലി
നേരിട്ട ആദ്യ പന്തില്‍ വിക്കറ്റിന് മുന്നില്‍ കുടങ്ങിയാണ് രോഹിത് തിരിച്ച് കയറിയത്. മത്സരത്തില്‍ 10 വിക്കറ്റിന് പാക്കിസ്ഥാന്‍ ഇന്ത്യയെ പരാജയപ്പെടുത്തുകയും ചെയ്‌തു. ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യ ഏഴ് വിക്കറ്റ് നഷ്ടത്തിലുയര്‍ത്തിയ 152 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ 17.5 ഓവറില്‍ വിക്കറ്റ് നഷ്ടപ്പെടാതെ ജയം പിടിക്കുകയായിരുന്നു. 49 പന്തില്‍ 57 റണ്‍സെടുത്ത കോലിയാണ് ഇന്ത്യയുടെ ടോപ് സ്കോറര്‍.