ഷാർജ : ടി20 ലോകകപ്പ് സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരെ അനായാസ വിജയം സ്വന്തമാക്കി ഇംഗ്ലണ്ട്. ബംഗ്ലാദേശിന്‍റെ 125 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ട് 14.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ മറികടക്കുകയായിരുന്നു. 38 പന്തിൽ 61 റണ്‍സെടുത്ത ഓപ്പണർ ജേസണ്‍ റോയ് അണ് ഇംഗ്ലണ്ടിന്‍റെ വിജയശിൽപ്പി.
ബംഗ്ലാദേശിന്‍റെ ചെറിയ സ്കോർ പിന്തുടർന്നിറങ്ങിയ ഇംഗ്ലണ്ടിന് ഓപ്പണർമാരായ ജോസ് ബട്‌ലറും ജേസണ്‍റോയിയും ചേർന്ന് മികച്ച തുടക്കമാണ് നൽകിയത്. എന്നാൽ നാലാം ഓവറിൽ നസും അഹമ്മദ് ബട്‌ലറെ പുറത്താക്കി ഈ കൂട്ടുകെട്ട് പൊളിച്ചു. 11 പന്തിൽ 17 റണ്‍സ് നേടിയ താരം മുഹമ്മദ് നയീമിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
തുടർന്നെത്തിയ ഡേവിഡ് മലാനും റോയിയോടൊപ്പം തകർത്തടിച്ചു. ഇരുവരും ചേർന്ന് 10 ഓവറിൽ ടീം സ്കോർ 90 കടത്തി. 12-ാം ഓവറിൽ സിക്‌സ് നേടി റോയ് അർധശതകം പൂർത്തിയാക്കി. എന്നാൽ തൊട്ടടുത്ത ഓവറിൽ തന്നെ താരം പുറത്തായി. 38 പന്തിൽ 61 റണ്‍സ് നേടിയ താരം ഷൊരീഫുൾ ഇസ്ലാമിന്‍റെ പന്തിൽ നസും അഹമ്മദിന് ക്യാച്ച് നൽകി മടങ്ങുകയായിരുന്നു.
പിന്നാലെയെത്തിയ ജോണി ബെയർസ്റ്റോയെ കൂട്ടുപിടിച്ച് ഡേവിഡ് മലാൻ ടീമിനെ വിജയത്തിലേക്കെത്തിച്ചു. മലാൻ 28 റണ്‍സോടെയും ബെയർസ്റ്റോ എട്ട് റണ്‍സോടെയും പുറത്താകാതെ നിന്നു. ബംഗ്ലാദേശിനായി ഷൊരീഫുള്‍ ഇസ്ലാം, നസും അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.