ന്യൂഡല്‍ഹി:ടി20 ലോകകപ്പില്‍ നിന്നും പേസര്‍ ദീപക് ചഹാര്‍ പുറത്തായതായി റിപ്പോര്‍ട്ട്. സ്റ്റാന്‍ഡ് ബൈ താരമായിരുന്ന ചഹാറിന് പരിക്കാണ് തിരിച്ചടിയായത്. പ്രോട്ടീസിനെതിരായ ടി20 പരമ്പരയിലെ അവസാനത്തെ മത്സരത്തിന് ശേഷമാണ് താരത്തിന് പരിക്കേറ്റത്. ഇതേത്തുടര്‍ന്ന് ഏകദിന പരമ്പരയില്‍ നിന്നും ചഹാര്‍ പുറത്താവുകയും ചെയ്‌തു.
ജസ്പ്രീത് ബുംറയ്ക്ക് പകരക്കാരനെന്ന നിലയില്‍ പ്രധാന സ്‌ക്വാഡിലേക്ക് മുഹമ്മദ് ഷമിയ്‌ക്കൊപ്പം ദീപക് ചഹാറിന്‍റെയും പേര് ഉയര്‍ന്ന് കേട്ടിരുന്നു. പരിക്കിനെ തുടര്‍ന്ന് ഏറെ നാള്‍ പുറത്തിരുന്ന ചഹാര്‍ സിംബാബ്‌വെ പര്യടനത്തിലൂടെയാണ് ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചെത്തിയത്. തുടര്‍ന്ന് നടത്തിയ മികച്ച പ്രകടനമാണ് താരത്തെ ടി20 ലോകകപ്പിലെ സ്റ്റാന്‍ഡ് ബൈ താരങ്ങളുടെ പട്ടികയിലെത്തിച്ചത്.
ചഹാറിന്‍റെ പുറത്താവലോടെ മുഹമ്മദ് ഷമിയ്‌ക്കൊപ്പം മുഹമ്മദ് സിറാജ്, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ ഓസ്‌ട്രേലിയയിലേക്ക് പറക്കും. ഒക്‌ടോബര്‍ 13ന് മൂന്ന് താരങ്ങളും ടീമിനൊപ്പം ചേരും. ലോകകപ്പിന്‍റെ മുന്നൊരുക്കങ്ങളുടെ ഭാഗമായി നിലവില്‍ പെര്‍ത്തില്‍ പരിശീലനത്തിലാണ് ഇന്ത്യന്‍ താരങ്ങള്‍.
കൊവിഡിനെത്തുടര്‍ന്ന് വിശ്രമത്തിലായിരുന്ന മുഹമ്മദ് ഷമി ബെംഗളൂരുവിലെ നാഷണൽ ക്രിക്കറ്റ് അക്കാദമിയിൽ അവസാന ഫിറ്റ്നസ് ടെസ്റ്റ് നടത്തും. വൈറസ് ബാധയെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും എതിരായ ടി20 പരമ്പരയിൽ നിന്നും ഷമിയെ ഒഴിവാക്കിയിരുന്നു. മറുവശത്ത് പ്രോട്ടീസിനെതിരായ ഏകദിന പരമ്പരയില്‍ മികച്ച പ്രകടനം നടത്താന്‍ സിറാജിനും ശാര്‍ദുലിനും കഴിഞ്ഞിരുന്നു.
ഇന്ത്യ 2-1ന് സ്വന്തമാക്കിയ പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടത് മുഹമ്മദ് സിറാജാണ്. മൂന്ന് മത്സരങ്ങളില്‍ നിന്നും അഞ്ച് വിക്കറ്റുകളാണ് താരം വീഴ്‌ത്തിയത്. ന്യൂബോളിലെ മിച്ചക പ്രകടനത്തോടെ പ്രോട്ടീസ് ബാറ്റര്‍മാരെ വെള്ളം കുടിപ്പിക്കാന്‍ സിറാജിന് കഴിഞ്ഞിരുന്നു. ഇതോടെ ബുംറയുടെ പകരക്കാരന്‍റെ സ്ഥാനത്തേക്ക് സിറാജിനെ പരിഗണിക്കണമെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്.