മുംബൈ: ഇന്ത്യയുടെ ഡെത്ത് ഓവര്‍ സ്‌പെഷ്യലിസ്റ്റെന്ന് വിലയിരുത്തപ്പെട്ട താരമാണ് ഭുവനേശ്വര്‍ കുമാര്‍. എന്നാല്‍ സമീപ കാലത്തായി തന്‍റെ മികച്ച പ്രകടനം നടത്താന്‍ ഭുവിയ്‌ക്ക് കഴിഞ്ഞിട്ടില്ല. 2021 മുതൽ ഇന്ത്യക്കായി 23 ടി20 മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന് 15 വിക്കറ്റുകൾ മാത്രമാണ് ലഭിച്ചത്.
ഡെത്ത് ഓവറുകളിലെ താരത്തിന്‍റെ പ്രകടം ടി20 ലോകകപ്പിനൊരുങ്ങുന്ന ഇന്ത്യയ്‌ക്ക് അത്ര ശുഭകരമല്ല. ഡെത്ത് ഓവറുകളില്‍ എറിഞ്ഞ 159 പന്തുകളില്‍ 10.03 ഇക്കോണമിയില്‍ 266 റണ്‍സാണ് താരം വഴങ്ങിയത്. ടി20 ലോകകപ്പില്‍ ജസ്‌പ്രീത് ബുംറയുടെ അഭാവത്തില്‍ ഇന്ത്യയുടെ ബോളിങ് യൂണിറ്റിനെ നയിക്കേണ്ട ചുമതല ഭുവിയ്‌ക്കാണ്.
ബുംറയുടെ പകരക്കാരനെ ബിസിസിഐ പ്രഖ്യാപിച്ചിട്ടില്ല. ഇതോടെ സ്റ്റാന്‍ഡ് ബൈ താരങ്ങായ മുഹമ്മദ് ഷമി, ദീപക് ചാഹര്‍ എന്നിവരിലൊരാള്‍ പ്ലേയിങ് ഇലവനിലെത്തിയേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. എന്നാല്‍ ഭുവിയ്‌ക്ക് ദീപക് ചാഹറിനെയാണ് താന്‍ ടീമിലുള്‍പ്പെടുത്തുകയെന്നാണ് മുന്‍ താരമായ ഹര്‍ഭജന്‍ സിങ് പറയുന്നത്.
നിലവിലെ സാഹചര്യത്തിൽ ഭുവിയേക്കാള്‍ മികച്ച ബോളര്‍ ദീപക് ചാഹറാണെന്നും ഹർഭജൻ സിങ് പറഞ്ഞു. മികച്ച രീതിയില്‍ പന്ത് സ്വിങ് ചെയ്യിക്കാനുള്ള കഴിവാണ് ചാഹറിനെ വ്യത്യസ്‌തനാക്കുന്നത്. ഭുവിയ്‌ക്ക് ധാരാളം അനുഭവപരിചയമുണ്ടെങ്കിലും ഡെത്ത് ഓവറുകളില്‍ കൂടുതല്‍ റണ്‍സ് വഴങ്ങുന്നത് തിരിച്ചടിയാണെന്നും ഹര്‍ഭന്‍ പറഞ്ഞു.