ദുബൈ: ടി20 ലോകകപ്പിന് മുന്നെ മോശം ഫോമിനെ തുടര്‍ന്ന് ഏറെ പഴികേള്‍ക്കേണ്ടി വന്ന താരമാണ് ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണര്‍. ഐപിഎല്‍ ടീം സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്‍റെ ക്യാപ്റ്റനായിരുന്ന താരത്തിന് ടീമില്‍ നിന്നും സ്ഥാനം വരെ നഷ്‌ടമായിരുന്നു. ലോകകപ്പ് സന്നാഹ മത്സരങ്ങളിലും വാര്‍ണര്‍ക്ക് നിരാശയായിരുന്നു ഫലം.
ഇതോടെ താരത്തെ ടീമില്‍ നിന്നും പുറത്താക്കണമെന്ന് ആവശ്യങ്ങളുയരുകയും ചെയ്‌തു. എന്നാല്‍ സഹതാരങ്ങളുടെ പിന്തുണയാണ് വാര്‍ണര്‍ക്ക് ആശ്വാസമായത്. ഈ പിന്തുണയാണ് ദുബൈ ലോകകപ്പില്‍ ഓസീസിനെ കിരീടത്തിലെത്തിക്കുന്നതില്‍ നിര്‍ണായകമായതെന്ന് തീര്‍ത്തും പറയാം.
കാരണം ദുബൈയിലെ റണ്‍വേട്ടക്കാരുടെ പട്ടികയില്‍ രണ്ടാമതാണ് താരം. ഏഴ് മത്സരങ്ങില്‍ 289 റണ്‍സാണ് വാര്‍ണര്‍ നേടിയത്. ന്യൂസിലന്‍ഡിനെതിരായ ഫൈനലിലെ 53 റണ്‍സുള്‍പ്പെടെ മൂന്ന് അര്‍ധ സെഞ്ചുറികളുടെ അകമ്പടിയോടെ 48.16 ശരാശരിയിലാണ് താരത്തിന്‍റെ പ്രകടനം. ഈ പ്രകടനത്തോടെ ടൂര്‍ണമെന്‍റിന്‍റെ താരമാവാനും വാര്‍ണര്‍ക്ക് കഴിഞ്ഞു.
also read:T20 World cup: ദുബായില്‍ മാർഷിന്‍റെ മിന്നലാട്ടം, ടി20 ലോകകപ്പ് ഓസീസിന്
അതേസമയം മറ്റൊരു റെക്കോഡ് കൂടെ വാര്‍ണര്‍ സ്വന്തം പേരില്‍ കുറിച്ചിട്ടുണ്ട്. ഒരു ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയക്ക് വേണ്ടി ഏറ്റവും കൂടുതല്‍ റണ്‍സ് നേടിയ താരമെന്ന നേട്ടമാണ് വാര്‍ണര്‍ സ്വന്തമാക്കിയത്. 2007ലെ പ്രഥമ ടി20 ലോകകപ്പില്‍ 265 റണ്‍സെടുത്ത മാത്യു ഹെയ്ഡന്‍റെ റെക്കോഡാണ് താരം മറി കടന്നത്. 2012ലെ ലോകകപ്പില്‍ 249 റണ്‍സ് നേടിയ ഷെയ്ന്‍ വാട്‌സണാണ് പട്ടികയില്‍ മൂന്നാം സ്ഥാനത്ത്.