ബ്രിസ്‌ബേൻ: ടി20 ലോകകപ്പിലെ സൂപ്പർ കപ്പ് പോരാട്ടത്തിൽ അവസാന പന്തുവരെ നീണ്ട വാശിയേറിയ പോരാട്ടത്തിനൊടുവിലാണ് സിംബാബ്‌വെക്കെതിരെ ബംഗ്ലാദേശ് വിജയം സ്വന്തമാക്കിയത്. 151 റണ്‍സ് വിജയ ലക്ഷ്യം പിന്തുടർന്നിറങ്ങിയ സിംബാബ്‌വെക്ക് 8 വിക്കറ്റ് നഷ്‌ടത്തിൽ 147 റണ്‍സ് നേടാനേ സാധിച്ചുള്ളു. രണ്ട് വിക്കറ്റുകളും, രണ്ട് ബൗണ്ടറിയും, ഒരു നോബോളും ഉൾപ്പെടെ നായകീയമായിരുന്നു മത്സരത്തിലെ അവസാന ഓവർ.
മൊസദക് ഹുസൈൻ എറിഞ്ഞ അവസാന ഓവറിൽ 16 റണ്‍സായിരുന്നു സിംബാബ്‌വെയ്‌ക്ക് വിജയിക്കാൻ വേണ്ടിയിരുന്നത്. ആദ്യ പന്ത് റയാന്‍ ബേള്‍ ബൈ റണ്‍ ഓടി. എന്നാൽ അടുത്ത പന്തില്‍ രണ്ട് റണ്‍സ് മാത്രമെടുത്ത ബ്രാഡ് ഇവാന്‍സ് പുറത്തായത് സിംബാബ്‌വെക്ക് തിരിച്ചടിയായി. ഇതോടെ തോൽവി മണത്ത സിംബാബ്‌വയെ അടുത്തടുത്ത പന്തുകളിൽ ഫോറും സിക്‌സും നേടി റിച്ചഡ് നഗാവര മത്സരത്തിലേക്ക് തിരികെയെത്തിച്ചു.
വമ്പൻ സസ്‌പെൻസ്: എന്നാല്‍ അഞ്ചാം പന്തില്‍ നഗാവരെയെ ബംഗ്ലാദേശ് കീപ്പര്‍ നൂറുല്‍ ഹസന്‍ സ്റ്റംപ് ചെയ്തു മടക്കി. ഇതോടെ ഒരു പന്തില്‍ അഞ്ചു റണ്‍സായി സിംബാബ്‌വെയുടെ വിജയ ലക്ഷ‍്യം. മൊസദക് ഹുസൈന്‍റെ അവസാന പന്തിൽ സിംബാബ്‍വെ ബാറ്റര്‍ മുസരബാനിക്ക് ഒന്നും ചെയ്യാനായില്ല. ഇതോടെ ബംഗ്ലാദേശ് വിജയാഘോഷം തുടങ്ങി. സിംബാബ്‌വെ താരങ്ങൾ ഡ്രസിങ് റൂമിലേക്ക് മടങ്ങി.
എന്നാല്‍ റിപ്ലേയില്‍ ബംഗ്ലാദേശ് കീപ്പര്‍ പന്തു പിടിച്ചെടുത്തത് വിക്കറ്റിനു മുന്നില്‍ നിന്നാണെന്ന് അംപയർ കണ്ടെത്തുകയായിരുന്നു. ഇതോടെ പന്ത് നോബോളായി പ്രഖ്യാപിച്ചു. ഇതിലൂടെ ഒരു റണ്‍സ് കൂടി സിംബാബ്‌വെക്ക് ലഭിച്ചു. തുടർന്ന് മൈതാനം വിട്ട താരങ്ങളെ അംപയർ തിരികെ വിളിച്ചുവരുത്തി. എന്നാല്‍ അവസാന പന്തിലെ ഫ്രീഹിറ്റില്‍ മുസരബാനി വമ്പൻ ഷോട്ടിന് ശ്രമിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല. ഇതോടെ ബംഗ്ലാദേശ് മത്സരത്തിൽ വിജയം സ്വന്തമാക്കുകയായിരുന്നു.