മുംബൈ: വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ (T20 World Cup 2024) വിരാട് കോലി (Virat Kohli) ഇന്ത്യ ടീമില്‍ സ്ഥാനം നിലനിര്‍ത്താന്‍ സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്. ടി20യിലെ ഭാവി ചര്‍ച്ച ചെയ്യാന്‍ ബിസിസിഐ പ്രതിനിധികള്‍ താരവുമായി ഉടന്‍ കൂടിക്കാഴ്‌ച നടത്തുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‌തു. അടുത്തവര്‍ഷം ജൂണില്‍ വെസ്റ്റ് ഇൻഡീസ്, അമേരിക്ക എന്നിവിടങ്ങളിലായിട്ടാണ് ലോകകപ്പ് നടക്കുന്നത്.
ലോകകപ്പിന് മുന്‍പ് ടീമില്‍ വരുത്തേണ്ട മാറ്റങ്ങളെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇന്ത്യന്‍ ടീം നായകന്‍ രോഹിത് ശര്‍മ, പരിശീലകന്‍ രാഹുല്‍ ദ്രാവിഡ്, ബിസിസിഐ സെക്രട്ടറി ജയ് ഷാ, സെലക്ഷന്‍ കമ്മിറ്റി അംഗങ്ങള്‍ എന്നിവര്‍ ചേര്‍ന്ന് കഴിഞ്ഞ ദിവസം യോഗം ചേര്‍ന്നിരുന്നു. മണിക്കൂറുകള്‍ നീണ്ടുനിന്ന ഈ യോഗത്തിലാണ് ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മയുടെയും സ്റ്റാര്‍ ബാറ്റര്‍ വിരാട് കോലിയുടെയും ടി20 ഭാവിയെ കുറിച്ചും ചര്‍ച്ച നടന്നത്. അവസാന അവസരം എന്ന നിലയ്‌ക്ക് രോഹിതിനെ ടി20 ലോകകപ്പ് സ്ക്വാഡിലേക്കും പരിഗണിക്കാനാണ് ബിസിസിഐയുടെ ആലോചന.
എന്നാല്‍, വിരാട് കോലിയുടെ കാര്യങ്ങള്‍ അങ്ങനെയല്ല (Virat Kohli T20I Future). ആദ്യ പന്ത് മുതല്‍ തന്നെ തകര്‍ത്തടിക്കുന്ന ഒരു ബാറ്റര്‍ മൂന്നാം നമ്പറില്‍ വേണമെന്നാണ് ബിസിസിഐയുടെ നിലപാട്. ക്രീസില്‍ നിലയുറപ്പിച്ചാണ് വിരാട് കോലി റണ്‍സ് ഉയര്‍ത്തുന്നത്. ഈ സാഹചര്യത്തിലാണ് ടീമില്‍ മാറ്റം അനിവാര്യമാണെന്ന നിലപാട് ബിസിസിഐ സ്വീകരിച്ചിരിക്കുന്നത് എന്നാണ് സൂചന.