ദുബായ്:2024 ടി20 ലോകകപ്പിനുള്ള ചിത്രം തെളിഞ്ഞു. ലോകകപ്പ് ചരിത്രത്തില്‍ ആദ്യമായി 20 ടീമുകളാണ് കുട്ടിക്രിക്കറ്റിന്‍റെ രാജാക്കന്മാരാകാന്‍ പോരിനിറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡീസും യുഎസ്എയും സംയുക്തമായി ആതിഥേയത്വം വഹിക്കുന്ന ലോകകപ്പ് വരുന്ന ജൂണിലാണ് നടക്കുന്നത് (ICC Men's T20 World Cup 2024).
ആഫ്രിക്കന്‍ മേഖലയില്‍ നിന്നും ഉഗാണ്ടയാണ് ഇരുപതാമത്തെ ടീമായി ലോകകപ്പ് യോഗ്യത ഉറപ്പാക്കിയത്. ചരിത്രത്തില്‍ ആദ്യമായിട്ടാണ് ഉഗാണ്ട ടി20 ലോകകപ്പ് യോഗ്യത നേടുന്നത്. സിംബാബ്‌വെ, കെനിയ ഉള്‍പ്പടെയുള്ള ടീമുകളെ പിന്നിലാക്കിയാണ് ഉഗാണ്ട ലോകകപ്പിലേക്ക് വരവറിയിച്ചത്.
അഞ്ച് മത്സരങ്ങളില്‍ നിന്നും നാല് ജയത്തോടെയാണ് ഉഗാണ്ട ലോകകപ്പ് യോഗ്യത ഉറപ്പിച്ചത്. ഉഗാണ്ടയ്‌ക്കൊപ്പം നമീബിയ ആണ്ആഫ്രിക്കന്‍ മേഖല യോഗ്യത റൗണ്ടില്‍ നിന്നും ലോകകപ്പില്‍ സ്ഥാനം ഉറപ്പിച്ചിരിക്കുന്ന മറ്റൊരു ടീം. യോഗ്യത റൗണ്ടില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ജയം നേടാന്‍ അവര്‍ക്ക് സാധിച്ചിരുന്നു.
ആതിഥേയരായ വെസ്റ്റ് ഇന്‍ഡീസിനും യുഎസ്എയ്‌ക്കുമൊപ്പം 2022 ടി20 ലോകകപ്പിലെ ആദ്യ എട്ട് സ്ഥാനക്കാരും ലോകകപ്പിന് നേരിട്ട് യോഗ്യത നേടിയിരുന്നു. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട്, പാകിസ്ഥാന്‍, ഓസ്‌ട്രേലിയ, ഇന്ത്യ, ന്യൂസിലന്‍ഡ്, ദക്ഷിണാഫ്രിക്ക, ശ്രീലങ്ക, നെതര്‍ലന്‍ഡ്‌സ് ടീമുകളാണ് യോഗ്യത നേരത്തെ ഉറപ്പിച്ചിരുന്ന ടീമുകള്‍. പിന്നാലെ, ഐസിസി ടി20 റാങ്കിങ്ങില്‍ മുന്നിലുണ്ടായിരുന്ന അഫ്‌ഗാനിസ്ഥാന്‍, ബംഗ്ലാദേശ് ടീമുകളും യോഗ്യത ഉറപ്പാക്കി.