പെർത്ത്: ടി20 ലോകകപ്പിൽ കരുത്തരായ പാകിസ്ഥാനെ അട്ടിമറിച്ച് അവിശ്വസനീയ വിജയവുമായി കുഞ്ഞൻമാരായ സിംബാവ്‌വെ. പെർത്തിൽ നടന്ന വാശിയേറിയ മത്സരത്തിൽ ഒരു റണ്‍സിനായിരുന്നു സിംബാബ്‌വെയുടെ ജയം. സിംബാബ്‌വെയുടെ വിജയ ലക്ഷ്യമായ 131 റണ്‍സ് പിൻതുടർന്നിറങ്ങിയ പാകിസ്ഥാന് 20 ഓവറിൽ 129 റണ്‍സേ നേടാനായുള്ളു. അതേസമയം തുടർച്ചയായ രണ്ടാം മത്സരത്തിലും തോറ്റതോടെ പാകിസ്ഥാന്‍റെ സെമി സാധ്യതകൾ തുലാസിലായി.
പാകിസ്ഥാന്‍റെ കരുത്തുറ്റ ബാറ്റിങ് നിരയെ വരിഞ്ഞുമുറുക്കിയ ബോളിങ് നിരയാണ് സിബാബ്‌വെയ്‌ക്ക് വിജയം നേടിക്കൊടുത്തത്. താരതമ്യേന ദുർബലരായ സിംബാബ്‌വെക്കെതിരെ അനായാസ ജയം ലക്ഷ്യമിട്ടാണ് പാകിസ്ഥാൻ മറുപടി ബാറ്റിങ്ങിനിറങ്ങിയത്. ചെറിയ ടോട്ടലായ 131റണ്‍സ് പിന്തുടർന്നിറങ്ങിയ പാകിസ്ഥാന് പക്ഷേ തുടക്കത്തിലേ തന്നെ അടിതെറ്റി. നായകൻ ബാബർ അസം(4) മൂന്നാം ഓവറിൽ തന്നെ പുറത്തായി.
വരിഞ്ഞ് മുറുക്കി സിംബാബ്‌വെ: പിന്നാലെ മുഹമ്മദ് റിസ്വാനെയും(14) പുറത്താക്കി സിംബാബ്‌വെ ഞെട്ടിച്ചു. എന്നാൽ തുടർന്നിറങ്ങിയ ഷാൻ മസൂദ്(44) വൻ തകർച്ചയിലേക്ക് നീങ്ങുകയായിരുന്ന പാകിസ്ഥാനെ പതിയെ കരകയറ്റി. ഇതിനിടെ ഇഫ്‌തിഖർ അഹമ്മദും(5) പുറത്തായി. പിന്നാലെയെത്തിയ ഷഹ്‌ദാബ് ഖാൻ(17) മസൂദിന് മികച്ച പിന്തുണ നൽകി. ഇരുവരും ചേർന്ന് ടീം സ്‌കോർ 50 കടത്തി.
ടീം സ്‌കോർ 88ൽ നിൽക്കെ ഷഹ്‌ദാബ് ഖാനെയും പാകിസ്ഥാന് നഷ്‌ടമായി. തൊട്ടടുത്ത പന്തിൽ തന്നെ ഹൈദർ അലിയെയും പുറത്താക്കി സിക്കന്ദർ റാസ പാകിസ്ഥാനെ ഞെട്ടിച്ചു. 15-ാം ഓവറിൽ ഷാൻ മസൂദ് കൂടി പുറത്തായതോടെ പാകിസ്ഥാൻ തോൽവി മണത്തു. തുടർന്നിറങ്ങിയ മുഹമ്മദ് നവാസ്(22), മുഹമ്മദ് വസീം(12) എന്നിവർ സ്‌കോർ മുന്നോട്ട് കൊണ്ടുപോയെങ്കിലും ടീമിനെ വിജയത്തിലേക്കെത്തിക്കാനായില്ല.
അവസാന പന്തിൽ മൂന്ന് റണ്‍സായിരുന്നു പാകിസ്ഥാന്‍റെ വിജയ ലക്ഷ്യം. എന്നാൽ ഒരു റണ്‍സ് മാത്രമേ പാകിസ്ഥാൻ നേടാനായുള്ളു. സിംബാബ്‌വെക്കായി സിക്കന്ദർ റാസ മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ബ്രാഡ്‌ലി നൈൽ ഇവൻസ് രണ്ട് വിക്കറ്റ് നേടി. ബ്ലസിങ് മുസാറബാനി ഒരു വിക്കറ്റും ലൂക്ക് ജോങ്‌വി ഒരു വിക്കറ്റും നേടി. നേരത്തെ ആദ്യ ബാറ്റ് ചെയ്‌ത സിംബാബ്‌വെ സീൻ വില്യംസിന്‍റെ(31) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്.
തുടക്കം മിന്നി, ഒടുക്കം പാളി: മികച്ച തുടക്കമാണ് ഓപ്പണർമാരായ വെസ്ലി മധെവേരെയും(17) ക്രെയ്ഗ് ഇര്‍വിനെയും(19) ചേർന്ന് നൽകിയത്. ഇരുവരും പുറത്തായതിന് പിന്നാലെ ക്രീസിലെത്തിയ സീൻ വില്യംസ് മികച്ച രീതിയിൽ ബാറ്റ് വീശി ടീമിനെ സുരക്ഷിതമായ നിലയിലെത്തിച്ചു. വില്യംസ് പുറത്തായതിന് പിന്നാലെ 14 ഓവറിൽ നാല് വിക്കറ്റ് നഷ്‌ടത്തിൽ 95 എന്ന നിലയിൽ നിന്ന് സിംബാബ്‌വെയുടെ ബാറ്റിങ് നിര ചീട്ട് കൊട്ടാരം പോലെ തകരുകയായിരുന്നു.
വാലറ്റത്ത് പിടിച്ചുനിന്ന ബ്രാഡ്‌ലി നൈൽ ഇവൻസും(19) സിംബാബ്‌വെയുടെ സ്‌കോർ ഉയർത്തുന്നതിൽ നിർണായക പങ്ക് വഹിച്ചു. പാകിസ്ഥാനായി മുഹമ്മദ് വസീം നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ ഷദാബ് ഖാൻ മൂന്ന് വിക്കറ്റ് നേടി. ഹാരിസ് റൗഫിന് ഒരു വിക്കറ്റും ലഭിച്ചു. നിലവിൽ രണ്ട് മത്സരങ്ങളിലും തോറ്റ പാകിസ്ഥാൻ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ്.