അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സെമിയിൽ ഇംഗ്ലണ്ടിനെതിരായ 10 വിക്കറ്റിന്‍റെ തോൽവിയോടെയാണ് ഇന്ത്യയുടെ കിരീട പ്രതീക്ഷ അവസാനിച്ചത്. ഈ തോൽവിക്ക് പിന്നാലെ ടീം തെരഞ്ഞെടുപ്പും പല താരങ്ങളുടെ പ്രകടനങ്ങളെക്കുറിച്ചും നിരവധി ചോദ്യങ്ങളുയരുന്നുണ്ട്.
ലോകകപ്പില്‍ ആകെ ആറ് മത്സരങ്ങൾ കളിച്ച ഇന്ത്യ നാലെണ്ണത്തിലാണ് വിജയിച്ചത്. ബാറ്റിങ് യൂണിറ്റില്‍ വിരാട് കോലി, സൂര്യകുമാർ യാദവ് എന്നിവരും ബോളിങ് യൂണിറ്റില്‍ അർഷ്‌ദീപ് സിങ്ങുമാണ് ഇന്ത്യയ്‌ക്കായി മികച്ച പ്രകടനം നടത്തിയത്. മറ്റ് താരങ്ങളുടെ പ്രോഗ്രസ് കാര്‍ഡ് പരിശോധിക്കാം.
കെഎൽ രാഹുൽ: 3/10 (വളരെ മോശം)
- മത്സരങ്ങൾ - 6, റൺസ് - 128
ഓസ്‌ട്രേലിയയില്‍ തിരികെ മടങ്ങുന്ന ഇന്ത്യയുടെ ബാറ്റിങ് ഓര്‍ഡറില്‍ രാഹുലിന്‍റെ സ്ഥാനം ഏറെക്കുറെ ചോദ്യം ചെയ്യപ്പെട്ടുകഴിഞ്ഞു. സ്‌ട്രൈക്ക് റേറ്റും പവർപ്ലേയിലെ മെല്ലപ്പോക്കുമാണ് ഏറെ വിമര്‍ശിക്കപ്പെടുന്നത്. ആറ് മത്സരങ്ങളില്‍ രണ്ട് അര്‍ധ സെഞ്ച്വറികളും നാല് ഒറ്റയക്ക സ്‌കോറുകളുമാണ് താരം നേടിയത്.
രാഹുലിന്‍റെ ബാറ്റിങ് ശൈലി ടി20 ക്രിക്കറ്റിന് യോജിച്ചതല്ല. ഇന്ത്യയുടെ ഓപ്പണിങ് സ്ഥാനത്തേക്ക് മറ്റൊരാളെ നോക്കാനുള്ള സമയമായെന്നുമാണ് പൊതുവെയുള്ള അഭിപ്രായം.
രോഹിത് ശർമ: 3/10 (വളരെ മോശം)
- മത്സരങ്ങൾ - 6, റൺസ് - 116
ഇന്ത്യൻ ടീമിന്‍റെ ക്യാപ്റ്റനെന്ന നിലയിലുള്ള തന്‍റെ ആദ്യ ഐസിസി ഇവന്‍റില്‍ മോശം പ്രകടനമായിരുന്നു രോഹിത്തില്‍ നിന്നുണ്ടായത്. ഒരു നായകനെന്ന നിലയിലും ബാറ്ററെന്ന നിലയിലും സ്വയം അടയാളപ്പെടുത്തുന്നതില്‍ രോഹിത് പരാജയപ്പെട്ടു. ഐസിസി ഇവന്‍റുകളില്‍ പൊതുവെ മികച്ച പ്രകടനം നടത്താറുള്ള രോഹിത്തിന് ഇക്കുറി ഒരു അർധ സെഞ്ച്വറി മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 2024ലെ ടി20 ലോകകപ്പിൽ താരം ഇന്ത്യൻ ടീമിന്‍റെ ഭാഗമല്ലെങ്കിൽ അത്ഭുതപ്പെടാനില്ല.
വിരാട് കോലി: 8/10 (വളരെ മികച്ചത്)
- മത്സരങ്ങൾ - 6, റൺസ് - 296
ടി20 ലോകകപ്പില്‍ ഇന്ത്യയുടെ വിജയങ്ങളില്‍ ഏറെ നിര്‍ണായക സ്ഥാനമാണ് കോലിക്കുള്ളത്. ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ ടീമില്‍ തന്‍റെ സ്ഥാനം ചോദ്യം ചെയ്‌തവര്‍ക്കുള്ള മറുപടിയായിരുന്നു കോലിയുടെ ബാറ്റിലെ റണ്ണൊഴുക്ക്. ആറ് മത്സരങ്ങളിൽ നിന്നും നാല് അര്‍ധ സെഞ്ച്വറിയാണ് താരം അടിച്ച് കൂട്ടിയത്.
ടൂര്‍ണമെന്‍റിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഒറ്റയ്‌ക്ക് പൊരുതിയാണ് കോലി ഇന്ത്യയെ വിജയത്തിലെത്തിച്ചത്. ചില മത്സരങ്ങളിലെ പതിഞ്ഞ തുടക്കമാവാം ഒരു പക്ഷെ കോലിക്ക് തന്നില്‍ തന്നെയുള്ള ഒരേയൊരു പരാതി.
സൂര്യകുമാർ യാദവ്: 9/10 (വളരെ മികച്ചത്)
- മത്സരങ്ങൾ - 6, റൺസ് - 239
ഇന്ത്യയുടെ ഏറ്റവും മികച്ച ടി20 ബാറ്റർ എന്ന് വിളിക്കപ്പെടുന്ന സൂര്യകുമാർ യാദവിന്‍റെ പ്രകടനങ്ങൾ ടൂര്‍ണമെന്‍റില്‍ ഇന്ത്യയ്‌ക്ക് ഏറെ നിര്‍ണായകമായിരുന്നു. തുടക്കം തൊട്ട് ആക്രമിച്ച് കളിക്കുന്ന സൂര്യ ഇന്ത്യയുടെ സ്‌കോര്‍ ബോര്‍ഡ് ചലിപ്പിക്കുന്നതില്‍ പ്രധാനിയായി. അറ് മത്സരങ്ങളില്‍ നിന്നും മൂന്ന് അര്‍ധ സെഞ്ച്വറിയാണ് താരം നേടിയത്.
ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ താരത്തിന് തിളങ്ങാനാവാതിരുന്നത് മത്സരത്തിന്‍റെ വിധിയെ വലിയ തോതില്‍ സ്വാധീനിച്ചു. ടി20 പോലെ ചഞ്ചലമായ ഒരു ഫോർമാറ്റിൽ സ്ഥിരത ആവശ്യപ്പെടുന്നത് അന്യായമാണ്. എന്നാല്‍ വലിയ മത്സരങ്ങളില്‍ തുടര്‍ച്ചയായ മിന്നുന്ന പ്രകടനമാണ് സൂര്യയില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്.
ഹാർദിക് പാണ്ഡ്യ: 7/10 (മികച്ചത്)
- മത്സരങ്ങൾ - 6, റൺസ് - 128, വിക്കറ്റുകൾ - 8
ടൂര്‍ണമെന്‍റില്‍ ഇന്ത്യയുടെ പ്രധാന ഓള്‍റൗണ്ടറായിരുന്ന പാണ്ഡ്യ മികച്ച പ്രകടനമാണ് നടത്തിയത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ പാണ്ഡ്യയുടെ വെടിക്കെട്ട് പ്രകടനമാണ് ഇന്ത്യയെ മാന്യമായ നിലയിലെത്തിച്ചത്. പന്തുകൊണ്ടും നിര്‍ണായകമായ താരം ടൂർണമെന്‍റിൽ ഇന്ത്യക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് വീഴ്ത്തിയ രണ്ടാമത്തെ ബോളറാണ്.
ദിനേശ് കാർത്തിക്: 0/10 (വളരെ മോശം)
- മത്സരങ്ങൾ - 4, റൺസ് - 14