ഹൈദരാബാദ്: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ പാകിസ്ഥാനെതിരായ വിരാട് കോലിയുടെ തകര്‍പ്പന്‍ ഇന്നിങ്സ് ഇന്ത്യയിലെ യുപിഐ ഇടപാടുകള്‍ നിശ്ചലമാക്കി. മാക്‌സ് ലൈഫ് ചീഫ് ഇൻവെസ്റ്റ്‌മെൻ്റ് ഓഫിസറായ മിഹിർ വോറയാണ് മത്സരസമയത്തെ ഗ്രാഫ് പങ്കുവച്ച് ഇക്കാര്യം അറിയിച്ചത്.
മത്സരത്തിന് മുന്‍പ് ദീപാവലി ഷോപ്പിങ്ങിന്‍റെ ഭാഗമായി യുപിഐ പേയ്‌മെന്‍റുകളുടെ കൈമാറ്റത്തില്‍ കാര്യമായ തിരക്ക് അനുഭവപ്പെട്ടിരുന്നു. എന്നാല്‍ മത്സരം അവസാന ഓവറുകളിലേക്ക് കടന്നതോടെ ഇത് ഭാഗികമായി കുറഞ്ഞുവരുന്നതും ഗ്രാഫില്‍ വ്യക്തമാണ്. തുടര്‍ന്ന് മത്സരം അവസാനിച്ചതിന് ശേഷമാണ് ഇടപാടുകള്‍ വീണ്ടും സജീവമായത്.
അതേസമയം ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യയുടെ ജയം കാണാനായി പൈലറ്റ് അഞ്ച് മിനിട്ട് വിമാനം വൈകിപ്പിച്ചെന്ന് ബോളിവുഡ് നടൻ ആയുഷ്‌മാൻ ഖുറാന മത്സരശേഷം അറിയിച്ചിരുന്നു. തൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് ഖുറാന ഇക്കാര്യം പുറത്തുവിട്ടത്. മുംബൈയിൽ നിന്ന് ഛണ്ഡീഗഡിലേക്കുള്ള വിമാനത്തിലെ യാത്രികര്‍ മൊബൈൽ ഫോണിൽ മത്സരം കാണുകയായിരുന്നു, ഇതേതുടര്‍ന്ന് പൈലറ്റ് മനപൂര്‍വം അഞ്ച് മിനിട്ട് വൈകിയാണ് വിമാനം എടുത്തതെന്നും ഖുറാന വ്യക്തമാക്കി.
ലോകകപ്പിലെ ആദ്യ മത്സരത്തില്‍ പാകിസ്ഥാനെതിരെ ഇന്ത്യ ആവേശകരമായ ജയമാണ് നേടിയത്. അവസാന പന്ത് വരെ നീണ്ട മത്സരത്തില്‍ ആറ് വിക്കറ്റിനായിരുന്നു ഇന്ത്യന്‍ ജയം. 53 പന്തില്‍ 82 റണ്‍സ് നേടിയ വിരാട് കോലിയായിരുന്നു ഇന്ത്യയുടെ ടോപ് സ്‌കോറര്‍.