മുംബൈ: ടി20 ലോകകപ്പില്‍ നിന്നുമുള്ള നിരാശജനകമായ പുറത്താവലിന് പിന്നാലെ ഇന്ത്യന്‍ ടീമില്‍ കാര്യമായ മാറ്റങ്ങള്‍ക്ക് മുറവിളി ഉയരുന്നുണ്ട്. മുന്‍ താരങ്ങള്‍ ഉള്‍പ്പെടെ നിരവധി പേര്‍ ഇക്കാര്യം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ടീമിലെ സപ്പോര്‍ട്ടിങ് സ്റ്റാഫുകളുടെ എണ്ണം കുറയ്‌ക്കണമെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് ഇതിഹാസം സുനില്‍ ഗവാസ്‌കര്‍.
ടീം ഇന്ത്യക്ക് മുഖ്യ പരിശീലകനായി രാഹുൽ ദ്രാവിഡ് ള്ളപ്പോള്‍, മറ്റൊരു ബാറ്റിങ് കോച്ചിന്‍റെ ആവശ്യമില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. സപ്പോർട്ടിങ് സ്റ്റാഫായി നിരവധി പേരുള്ളത് ഡ്രസ്സിങ് റൂമില്‍ ആശയക്കുഴപ്പത്തിന് കാരണമാവുമെന്നും ഗവാസ്‌കര്‍ പറഞ്ഞു.
"എക്കാലത്തെയും മികച്ച ബാറ്റർമാരിൽ ഒരാളായ രാഹുൽ ദ്രാവിഡ് ഉള്ളപ്പോൾ നിങ്ങൾക്ക് മറ്റൊരു ബാറ്റിങ് കോച്ചിന്‍റെ ആവശ്യമില്ല. ദ്രാവിഡ് എന്തെങ്കിലും പറയുകയും, ബാറ്റിങ് പരിശീലകനായ വിക്രം റാത്തോർ മറ്റെന്തെങ്കിലും പറയുകയും ചെയ്യുമ്പോൾ കളിക്കാര്‍ ആശയക്കുഴപ്പത്തിലാകും. നിങ്ങൾ ഇത് മനസ്സിലാക്കണം.
നിങ്ങൾക്ക് സപ്പോർട്ട് സ്റ്റാഫിൽ കൂടുതൽ അംഗങ്ങളെ ആവശ്യമില്ലെങ്കിൽ, അവരെ ടീമിനൊപ്പം അയക്കരുത്. ആവശ്യമുള്ളവരെ മാത്രം ടീമിനൊപ്പം അയയ്‌ക്കുകയാണ് ചെയ്യേണ്ടത്". ഗവാസ്‌കർ പറഞ്ഞു.