ഗീലോങ് :ടി20 ലോകകപ്പ് ക്രിക്കറ്റ് ടൂര്‍ണമെന്‍റിന്‍റെ എട്ടാം പതിപ്പിന് കൊടിയേറ്റം. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ നമീബിയക്കെതിരെ ടോസ് നേടിയ ശ്രീലങ്കന്‍ ക്യാപ്റ്റന്‍ ദാസുന്‍ ഷനക ഫീല്‍ഡിങ് തെരഞ്ഞെടുത്തു. ഓസ്ട്രേലിയയിലെ ഏഴ് നഗരങ്ങളിലായി അരങ്ങേറുന്ന ലോകകപ്പ് പോരാട്ടങ്ങളില്‍ 16 ടീമുകളാണ് മാറ്റുരയ്‌ക്കുന്നത്.
ഇന്ന് ആരംഭിക്കുന്ന യോഗ്യത റൗണ്ടിന് ശേഷം ഒക്‌ടോബര്‍ 22ന് സൂപ്പര്‍ 12 ആരംഭിക്കും. എട്ട് ടീമുകളെ രണ്ട് ഗ്രൂപ്പുകളായി തിരിച്ചാണ് യോഗ്യത മത്സരങ്ങള്‍ നടക്കുക. നമീബിയ, ശ്രീലങ്ക, നെതർലൻഡ്‌സ്, യുഎഇ എന്നീ ടീമുകള്‍ എ ഗ്രൂപ്പിലും വെസ്റ്റ് ഇൻഡീസ്, സ്‌കോട്ട്‌ലൻഡ്, അയർലൻഡ്, സിംബാബ്‌വെ എന്നീ ടീമുകള്‍ ഗ്രൂപ്പ് ബിയിലും മത്സരിക്കും.
ഇതില്‍ നിന്നും നാല് ടീമുകള്‍ സൂപ്പര്‍ 12 ലേക്ക് കടക്കും. ഇന്ത്യ, അഫ്‌ഗാനിസ്ഥാൻ, ഓസ്‌ട്രേലിയ, ബംഗ്ലാദേശ്, ഇംഗ്ലണ്ട്, ന്യൂസിലാൻഡ്, പാകിസ്ഥാൻ, ദക്ഷിണാഫ്രിക്ക എന്നീ ടീമുകള്‍ സൂപ്പര്‍ 12ലേക്ക് നേരിട്ട് യോഗ്യത ഉറപ്പിച്ചിട്ടുണ്ട്.
ആതിഥേയരായ ഓസ്ട്രേലിയും ന്യൂസിലാൻഡുമാണ് സൂപ്പര്‍ 12ലെ ആദ്യ മത്സരത്തില്‍ പോരടിക്കുന്നത്. 23ന് ചിരവൈരികളായ പാകിസ്ഥാനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. നവംബർ 13ന് എംസിജി സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുക.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീം : രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെഎല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക് (വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, ആര്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിങ്, മുഹമ്മദ് ഷമി.