പെർത്ത്: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇന്ത്യക്ക് തോൽവി. പെർത്തിൽ നടന്ന മത്സരത്തിൽ ഇന്ത്യയുടെ 134 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്ക 2 പന്തുകളും 5 വിക്കറ്റും ശേഷിക്കെ വിജയം സ്വന്തമാക്കി.
ഇന്ത്യയുടെ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ തുടക്കം തകർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ക്വിന്‍റൻ ഡി കോക്കിനെ (1) പ്രോട്ടീസിന് നഷ്‌ടമായി. തൊട്ടുപിന്നാലെ തന്നെ റീലി റൂസോയെ (0) മടക്കി അർഷദീപ് സിങ് ദക്ഷിണാഫ്രിക്കയ്‌ക്ക് ഇരട്ട പ്രഹരമേൽപ്പിച്ചു. തുടർന്ന് അഞ്ചാം ഓവറിൽ നായകൻ തെംബ ബാവുമ (10) കൂടി പുറത്തായതോടെ ദക്ഷിണാഫ്രിക്ക തോൽവി മുന്നിൽ കണ്ടു.
രക്ഷകരായി മാർക്രവും മില്ലറും:എന്നാൽ എയ്‌ഡൻ മാർക്രവും (52), ഡേവിഡ് മില്ലറും (51 പുറത്താകാതെ) ചേർന്ന് ടീമിനെ പതിയെ കരകയറ്റുകയായിരുന്നു. ഇരുവരും ചേർന്ന് ടീം സ്‌കോർ 100 കടത്തി. തൊട്ടുപിന്നാലെ തന്നെ മാർക്രം പുറത്തായി. പിന്നാലെയെത്തിയ ട്രിൻസ്റ്റണ്‍ സ്റ്റബ്‌സ് (6) പുറത്തായെങ്കിലും ഡേവിഡ് മില്ലർ ദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് എത്തിക്കുകയായിരുന്നു. ഇന്ത്യക്കായി അർഷദീപ് സിങ് രണ്ട് വിക്കറ്റ് നേടിയപ്പോൾ മുഹമ്മദ് ഷമി, ഹാർദിക് പാണ്ഡ്യ, രവിചന്ദ്രൻ അശ്വിൻ എന്നിവർ ഓരോ വിക്കറ്റ് നേടി.
തകർന്ന് ഇന്ത്യ: നേരത്തെ ആദ്യ ബാറ്റ് ചെയ്‌ത ഇന്ത്യയെ സൂര്യകൂമാർ യാദവിന്‍റെ (68) ഒറ്റയാൾ പോരാട്ടമാണ് പൊരുതാവുന്ന നിലയിലേക്ക് എത്തിച്ചത്. സൂര്യകുമാറിനെ കൂടാതെ കോലിയും(12) രോഹിതുമാണ് (15) രണ്ടക്കം കടന്ന മറ്റ് താരങ്ങൾ. ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത നായകൻ രോഹിത് ശർമ്മയുടെ തീരുമാനം തെറ്റായിരുന്നു എന്ന് സൂചിപ്പിക്കുന്നതായിരുന്നു ഇന്ത്യയുടെ ബാറ്റിങ്.