കറാച്ചി: ടി20 ലോകകപ്പില്‍ പുറത്താവലിന്‍റെ വക്കില്‍ നിന്നുമാണ് പാകിസ്ഥാന്‍ സെമി ഫൈനലിലെത്തിയത്. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ ബംഗ്ലാദേശിനെ പരാജയപ്പെടുത്തിയാണ് ടീമിന്‍റെ മുന്നേറ്റം. എന്നാല്‍ ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നെതര്‍ലന്‍ഡ്‌സ് അട്ടിമറിച്ചതാണ് പാക് പടയ്‌ക്ക് മുന്നോട്ടുള്ള വഴിയൊരുക്കിയത്.
ടീമിന്‍റെ സെമി പ്രവേശനത്തിന് പിന്നാലെ ക്യാപ്റ്റന്‍ ബാബര്‍ അസമിന് ഉപദേശവുമായി രംഗത്തെത്തിയിരിക്കുകയാണ് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി. ടോപ് ഓര്‍ഡര്‍ ബാറ്റിങ്ങില്‍ കൂടുതല്‍ ആക്രമണം ആവശ്യമാണ്. ഇക്കാരണത്താല്‍ പാകിസ്ഥാന്‍റെ ബാറ്റിങ് ഓര്‍ഡറില്‍ മാറ്റം വേണമെന്ന് അഫ്രീദി ട്വീറ്റ് ചെയ്‌തു.
ഇക്കാര്യം ചൂണ്ടിക്കാട്ടി ബാബറിനെ മെന്‍ഷന്‍ ചെയ്‌താണ് അഫ്രീദിയുടെ ട്വീറ്റ്. ഓപ്പണിങ്ങില്‍ മുഹമ്മദ് റിസ്‌വാനൊപ്പം കൂടുതല്‍ ആക്രമിച്ച് കളിക്കുന്ന മറ്റൊരു താരത്തെ ഇറക്കണം. മുഹമ്മദ് ഹാരിസ്, ഷദാബ് ഖാന്‍ എന്നിവരെപ്പോലെയുള്ള താരങ്ങള്‍ക്ക് അതിന് കഴിയും.