അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ സെമി ഫൈനലിന് മുന്നോടിയായുള്ള പരിശീലന സെഷനിടെ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശർമ്മയുടെ കൈത്തണ്ടയിൽ പന്തിടിച്ചു. ചൊവ്വാഴ്‌ച അഡ്‌ലെയ്‌ഡ് ഓവലിൽ പരിശീലനം നടത്തുന്നതിനിടെ പുൾ ഷോട്ടിന് ശ്രമിച്ച രോഹിത് പരാജയപ്പെടുകയായിരുന്നു. വലതു കൈത്തണ്ടയില്‍ പന്തിടിച്ചതിനെ തുടര്‍ന്ന് അല്‍പ്പ സമയത്തേക്ക് താരം പരിശീലനം മതിയാക്കി.
പന്തുകൊണ്ട ഭാഗത്ത് ഐസ് പായ്ക്ക് വച്ച് വിശ്രമിച്ച ശേഷം നെറ്റ്സിലെത്തിയെങ്കിലും ഉടൻ തന്നെ താരം പരിശീലനം പൂർത്തിയാക്കി മടങ്ങി. രോഹിത്തിന്‍റെ പരിക്കിന്‍റെ വ്യാപ്തി അറിയാനായിട്ടില്ല. മെഡിക്കല്‍ സംഘത്തിന്‍റെ പരിശോധനയ്‌ക്ക് ശേഷം മാത്രമേ ഇക്കാര്യത്തില്‍ വ്യക്തതയുണ്ടാവൂ.
പരുക്കിനെ തുടർന്ന് ഇംഗ്ലണ്ടിനെതിരെ രോഹിത്തിന് കളിക്കാനായില്ലെങ്കില്‍ ഇന്ത്യയ്‌ക്ക് വലിയ തിരിച്ചടിയാവും. അതേസമയം ടി20 ലോകകപ്പില്‍ കാര്യമായി തിളങ്ങാന്‍ ഇതേവരെ ഇന്ത്യന്‍ ക്യാപ്റ്റന് കഴിഞ്ഞിട്ടില്ല. അഞ്ച് മത്സരങ്ങളില്‍ നിന്നും ഒരു അര്‍ധ സെഞ്ചുറി മാത്രമാണ് താരത്തിന് നേടാന്‍ കഴിഞ്ഞത്.
ഇതോടെ താരത്തിനെതിരെ പല കോണുകളില്‍ നിന്നും വിമര്‍ശനമുയരുന്നുണ്ട്. മോശം പ്രകടനം നടത്തുന്ന രോഹിത്തിന് നേരെയും ചോദ്യങ്ങള്‍ ഉയരേണ്ടതുണ്ടെന്നാണ് കഴിഞ്ഞ ദിവസം കമന്‍റേറ്ററും ഇന്ത്യയുടെ മുന്‍ താരവുമായ ആകാശ് ചോപ്ര പ്രതികരിച്ചത്. അതേസമയം വ്യാഴാഴ്‌ചയാണ് ഇന്ത്യ-ഇംഗ്ലണ്ട് സെമി ഫൈനല്‍ മത്സരം നടക്കുക.
also read:'രോഹിത്തും ചോദ്യം ചെയ്യപ്പെടണം, നമ്മൾ സ്വയം വിഡ്ഢികളാകരുത്'; വിമര്‍ശനവുമായി ആകാശ് ചോപ്ര