മുംബൈ : ഇന്ത്യ ടി20 ലോകകപ്പിന്‍റെ സെമി ഫൈനലിലേക്ക് യോഗ്യത നേടിയതോടെ ടീം എല്ലാം തികഞ്ഞതാണെന്ന് ആരാധകർക്ക് തോന്നുന്നുണ്ടെങ്കില്‍ അത് തെറ്റാണെന്ന് മുന്‍ താരവും കമന്‍റേറ്ററുമായ ആകാശ് ചോപ്ര. മോശം പ്രകടനത്തെ തുടര്‍ന്ന് ബാബർ അസമും ടെംബ ബാവുമയും വിമര്‍ശിക്കപ്പെട്ടതുപോലെ രോഹിത് ശർമയുടെ ഫോമിനെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരണമെന്ന് ആകാശ് ചോപ്ര പറഞ്ഞു. തന്‍റെ യൂട്യൂബ് ചാനലിലാണ് ചോപ്രയുടെ പ്രതികരണം.
'വീണ്ടും ഒരിക്കല്‍ കൂടി രോഹിത് ശർമയുടെ ബാറ്റിൽ നിന്ന് റണ്‍സ് പിറക്കുന്നില്ല. നമ്മൾ സ്വയം വിഡ്ഢികളാകരുത്. നമ്മളെല്ലാവരും ഇന്ത്യൻ ആരാധകരാണ്. ബാബറും ബാവുമയും റൺസ് നേടാത്തതിനെ കുറിച്ച് പറയുമ്പോൾ, രോഹിത്തും റൺസ് നേടുന്നില്ലെന്ന് പറയണം.
അദ്ദേഹം അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു അര്‍ധ സെഞ്ച്വറി നേടിയിട്ടുണ്ട്. നെതർലാൻഡ്സ് ഒരു ക്യാച്ച് നഷ്‌ടപ്പെടുത്തിയതിന് ശേഷമായിരുന്നു അര്‍ധ സെഞ്ച്വറി നേട്ടം. പുള്‍ ഷോട്ട് കളിക്കുമ്പോഴാണ് അദ്ദേഹത്തിന്‍റെ വിക്കറ്റ് നഷ്‌ടപ്പെടുന്നത്. ഡീപ്പില്‍ ഒരു ഫീല്‍ഡറുള്ളത് പ്രശ്‌നം തന്നെയാണ്' - ആകാശ് ചോപ്ര പറഞ്ഞു.
also read:വിരാട് കോലിയുടെ കിരീടത്തില്‍ മറ്റൊരു പൊന്‍തൂവല്‍; ഐസിസിയുടെ ഒക്‌ടോബറിലെ താരം
ലോകകപ്പ് ആരംഭിക്കും മുന്‍പേതന്നെ കെഎല്‍ രാഹുലും രോഹിത്തുമടങ്ങുന്ന ഇന്ത്യയുടെ ഓപ്പണിങ് ലൈനപ്പിനെക്കുറിച്ച് ചോദ്യങ്ങൾ ഉയര്‍ന്നിരുന്നു. സൂപ്പർ 12 ലെ അവസാന രണ്ട് മത്സരങ്ങളിലും അര്‍ധ സെഞ്ച്വറി നേടിയ കെഎൽ രാഹുൽ നിലവില്‍ വിമർശകർക്ക് ഒരു പരിധിവരെ മറുപടി നൽകിയിട്ടുണ്ട്. എന്നാൽ റണ്‍ കണ്ടെത്താനാവാത്ത രോഹിത്തിന്‍റെ പ്രകടനം ആശങ്കയാണ്.