കറാച്ചി: ടി20 ലോകകപ്പില്‍ പാകിസ്ഥാന്‍റെ ആദ്യ മത്സരത്തിനിറങ്ങാന്‍ സ്റ്റാര്‍ പേസര്‍ ഷഹീൻ ഷാ അഫ്രീദി തയ്യാറാണെന്ന് പാക് ക്രിക്കറ്റ് ബോർഡ് ചെയർമാൻ റമീസ് രാജ. ഷഹീൻ ഷാ അഫ്രീദിയുമായി താന്‍ സംസാരിച്ചിരുന്നു. പരിക്കിന്‍റെ പുരോഗതി വളരെ മികച്ചതാണെന്ന് ഷഹീന്‍ അറിയിച്ചതായും പാക് ക്രിക്കറ്റ് ബോർഡ് ചെയർമാന്‍ പറഞ്ഞു.
പരിശീലന മത്സരങ്ങള്‍ക്കും തുടര്‍ന്ന് ലോകകപ്പില്‍ ഇന്ത്യയ്‌ക്കെതിരായ ആദ്യ മത്സരത്തിലും കളിക്കാന്‍ താനുണ്ടാവുമെന്നും ഇടങ്കയ്യന്‍ പേസര്‍ പറഞ്ഞതായി റമീസ് രാജ വ്യക്തമാക്കി. പാക് ദിനപ്പത്രമായ ഡോണിനോടാണ് റമീസ് രാജയുടെ പ്രതികരണം.
കഴിഞ്ഞ ജൂലൈയിൽ ശ്രീലങ്കയിൽ നടന്ന ടെസ്റ്റ് പരമ്പരയ്‌ക്കിടെയാണ് ഷഹീന്‍റെ കാൽമുട്ടിന് പരിക്കേറ്റത്. ഇതേ തുടര്‍ന്ന് ഏഷ്യ കപ്പില്‍ നിന്നും താരത്തിന് പുറത്തിരിക്കേണ്ടി വന്നിരുന്നു. നിലവില്‍ ലണ്ടനിലെ വിദഗ്‌ദ ചികിത്സയ്‌ക്ക് ശേഷം വിശ്രമത്തിലാണ് താരം.