കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പ്: കിവീകളുടെ ചിറകരിഞ്ഞു; പാക് പട ഫൈനലില്‍ - mohammad rizwan

ഓപ്പണര്‍മാരായ മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് പാകിസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്.

t20 world cup 2022  new zealand vs pakistan highlights  new zealand vs pakistan  pakistan in to t20 world cup 2022 final  ടി20 ലോകകപ്പ്  ടി20 ലോകകപ്പ് 2022  t20 world cup  babar azam  ബാബര്‍ അസം  mohammad rizwan  മുഹമ്മദ് റിസ്‌വാന്‍
ടി20 ലോകകപ്പ്: കിവീകളുടെ ചിറകരിഞ്ഞു; പാക് പട ഫൈനലില്‍

By

Published : Nov 9, 2022, 5:45 PM IST

സിഡ്‌നി: ടി20 ലോകകപ്പിന്‍റെ കലാശപ്പോരിന് ടിക്കറ്റുറപ്പിച്ച് പാകിസ്ഥാന്‍. ആദ്യ സെമിയില്‍ ന്യൂസിലന്‍ഡിനെ ഏഴ്‌ വിക്കറ്റിന് തോല്‍പ്പിച്ചാണ് പാക് പടയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്‌ത കിവീസ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 152 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ പാകിസ്ഥാന്‍ മൂന്ന് വിക്കറ്റ് നഷ്‌ടത്തില്‍ 153 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ഓപ്പണര്‍മാരായ മുഹമ്മദ് റിസ്‌വാന്‍, ബാബര്‍ അസം എന്നിവരുടെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് പാകിസ്ഥാന് അനായാസ വിജയം സമ്മാനിച്ചത്. 43 പന്തില്‍ 57 റണ്‍സെടുത്ത റിസ്‌വാനാണ് പാകിസ്ഥാന്‍റെ ടോപ്‌ സ്‌കോറര്‍.

ബാബര്‍ അസം 42 പന്തില്‍ 53 റണ്‍സെടുത്തു. റിസ്‌വാനും ബാബറും ചേര്‍ന്ന് മികച്ച തുടക്കമാണ് പാകിസ്ഥാന് നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ 12.4 ഓവറില്‍ 105 റണ്‍സാണ് ഇരുവരും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്.

ബാബറെ ഡാരില്‍ മിച്ചലിന്‍റെ കയ്യിലെത്തിച്ച് ട്രെന്‍റ്‌ ബോള്‍ട്ടാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. തുടര്‍ന്നെത്തിയ മുഹമ്മദ് ഹാരിസിനൊപ്പം സ്‌കോര്‍ ഉയര്‍ത്തുന്നതിനിടെ റിസ്‌വാന്‍ വീണു. ബോള്‍ട്ടിന്‍റെ പന്തില്‍ ഗ്ലെന്‍ ഫിലിപ് പിടികൂടിയാണ് താരത്തിന്‍റെ മടക്കം. ലക്ഷ്യത്തിന് രണ്ട് റണ്‍സകലെയാണ് പാകിസ്ഥാന് മൂന്നാം വിക്കറ്റ് നഷ്‌ടമായത്.

26 പന്തില്‍ 30 റണ്‍സ് നേടിയ ഹാരിസിനെ മിച്ചല്‍ സാന്‍റ്‌നറാണ് പുറത്താക്കിയത്. ഷാന്‍ മസൂദ് (4 പന്തില്‍ 3), ഇഫ്‌തിഖര്‍ അഹമ്മദ് എന്നിവര്‍ പുറത്താവാതെ നിന്നു. കിവീസിനായി ട്രെന്‍റ് ബോള്‍ട്ട് രണ്ട് വിക്കറ്റ് വീഴ്‌ത്തി.

നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ കിവീസിനെ ഡാരില്‍ മിച്ചലിന്‍റെ അര്‍ധ സെഞ്ച്വറി പ്രകടനമാണ് ഭേദപ്പെട്ട സ്‌കോറിലെത്തിച്ചത്. 35 പന്തില്‍ 53 റണ്‍സെടുത്ത മിച്ചല്‍ പുറത്താവാതെ നിന്നു. ക്യാപ്റ്റന്‍ കെയ്‌ന്‍ വില്യംസണ്‍ (42 പന്തില്‍ 46) ഡെവോണ്‍ കോണ്‍വെ (20 പന്തില്‍ 21) എന്നിവരാണ് ടീമിന്‍റെ മറ്റ് പ്രധാന സ്‌കോറര്‍മാര്‍.

ആഗ്രഹിച്ച തുടക്കമായിരുന്നില്ല കിവീസിന് ലഭിച്ചത്. എട്ട് ഓവറില്‍ 49 റണ്‍സിന് മൂന്ന് വിക്കറ്റാണ് സംഘത്തിന് നഷ്‌ടമായത്. ഫിന്‍ അലന്‍ (4), ഡെവോണ്‍ കോണ്‍വെ (21), ഗ്ലെന്‍ ഫിലിപ്‌സ് (6) എന്നിവരാണ് നിരാശപ്പെടുത്തിയത്. തുടര്‍ന്ന് ഒന്നിച്ച വില്യംസണും മിച്ചലും ചേര്‍ന്നാണ് കിവീസിനെ ട്രാക്കിലാക്കിയത്.

നാലാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് നിര്‍ണായകമായ 68 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. വില്യംസണിന്‍റെ കുറ്റി തെറിപ്പിച്ച് ഷഹീന്‍ ഷാ അഫ്രീദിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. മിച്ചലിനൊപ്പം ജെയിംസ് നീഷാമും പുറത്താവാതെ നിന്നു.

12 പന്തില്‍ 16 റണ്‍സാണ് താരം നേടിയത്. പാകിസ്ഥാനായി ഷഹീന്‍ ഷാ അഫ്രീദി നാല് ഓവറില്‍ 24 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് നവാസ് ഒരു വിക്കറ്റും സ്വന്തമാക്കി. നാളെ നടക്കുന്ന ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം സെമിയിലെ വിജയികളാണ് ഫൈനലില്‍ പാകിസ്ഥാന്‍റെ എതിരാളി.

ABOUT THE AUTHOR

...view details