മെല്‍ബണ്‍: ടി20 ലോകകപ്പില്‍ സിംബാബ്‌വെയെ തകര്‍ത്ത് സെമി പ്രവേശനം ആധികാരികമാക്കി ഇന്ത്യ. സൂപ്പര്‍ 12ലെ അവസാന മത്സരത്തില്‍ 71 റണ്‍സിനാണ് ഇന്ത്യ വിജയം നേടിയത്. വിജയത്തോടെ അഞ്ച് മത്സരങ്ങളില്‍ നിന്ന് എട്ട് പോയിന്‍റോടെ ഇന്ത്യ ഗ്രൂപ്പ് ചാമ്പ്യന്മാരായി.
നവംബര്‍ 10ന് നടക്കുന്ന സെമി ഫൈനലില്‍ ഗ്രൂപ്പ് ഒന്നിലെ രണ്ടാം സ്ഥാനക്കാരായ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികള്‍. സിംബാബ്‌വെയ്‌ക്കെതിരെ ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 186 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ സിംബാബ്‌വെ 17.2 ഓവറില്‍ 115 റണ്‍സിന് ഓള്‍ഔട്ടായി.
മൂന്ന് വിക്കറ്റ് വീഴ്ത്തിയ ആര്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം സ്വന്തമാക്കിയ മുഹമ്മദ് ഷമി, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ ചേര്‍ന്നാണ് സിംബാബ്‌വെയെ തകര്‍ത്തത്. ഭുവനേശ്വര്‍ കുമാര്‍, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതവും സ്വന്തമാക്കി.
22 പന്തില്‍ നിന്ന് 35 റണ്‍സെടുത്ത റയാന്‍ ബേളാണ് സംഘത്തിന്‍റെ ടോപ് സ്‌കോറര്‍. 24 പന്തില്‍ നിന്ന് 34 റണ്‍സെടുത്ത സിക്കന്ദര്‍ റാസയും ഭേദപ്പെട്ട പ്രകടനം നടത്തി. ക്യാപ്റ്റന്‍ ക്രെയ്‌ഗ് ഇര്‍വിന്‍ (13), സീന്‍ വില്യംസ് (11) എന്നിവര്‍ മാത്രമാണ് രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍. മറ്റാര്‍ക്കും ഇന്ത്യന്‍ ബോളര്‍മാര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനായില്ല.
രാഹുല്‍ തിരികൊളുത്തി, സൂര്യ കത്തിക്കയറി: നേരത്തെ ടോസ് നേടി ബാറ്റ് ചെയ്യാനിറങ്ങിയ ഇന്ത്യയെ അര്‍ധ സെഞ്ച്വറി പ്രകടനം നടത്തിയ സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍ എന്നിവരാണ് മികച്ച സ്‌കോറില്‍ എത്തിച്ചത്. സൂര്യകുമാര്‍ 25 പന്തില്‍ ആറ് ഫോറും നാല് സിക്‌സും സഹിതം 61 റണ്‍സ് നേടി പുറത്താവാതെ നിന്നു. 35 പന്തില്‍ 51 റണ്‍സാണ് രാഹുല്‍ അടിച്ച് കൂട്ടിയത്.