സിഡ്‌നി :ടി20 ലോകകപ്പിലെ രണ്ടാം മത്സരത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ ഇന്ന് ശ്രദ്ധാകേന്ദ്രം ക്യാപ്‌റ്റന്‍ രോഹിത് ശര്‍മയും കെ എല്‍ രാഹുലും. പാകിസ്ഥാനെതിരെ ത്രസിപ്പിക്കുന്ന വിജയം നേടിയ മത്സരത്തില്‍ ഇരുവര്‍ക്കും തിളങ്ങാനായില്ല. അതിനാല്‍ തന്നെ താരതമ്യേന ദുര്‍ബലരായ നെതര്‍ലാന്‍ഡ്‌സിനെതിരെ ഇറങ്ങുമ്പോള്‍ ഇരുവര്‍ക്കും റണ്‍സ് കണ്ടെത്തേണ്ടത് അനിവാര്യമാണ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയാണ് സൂപ്പര്‍ 12ല്‍ ഇന്ത്യയുടെ അടുത്ത മത്സരം. ഈ സാഹചര്യത്തില്‍ നെതര്‍ലാന്‍ഡ്‌സിനെതിരെ റണ്‍സ് കണ്ടെത്തി ഫോമിലേക്ക് മടങ്ങിയെത്താനാകും ഇരുവരുടെയും ശ്രമം. കഴിഞ്ഞ മത്സരത്തില്‍ നാല് റണ്‍സ് വീതം മാത്രമാണ് ഇരുവര്‍ക്കും നേടാനായത്.
തുടക്കം മുതല്‍ ആക്രമണത്തില്‍ മാത്രം ശ്രദ്ധിക്കുന്ന രോഹിത്തിന്‍റെ ബാറ്റിങ് ശൈലി കാര്യമായ ഫലങ്ങളുണ്ടാക്കുന്നില്ല എന്നാണ് കഴിഞ്ഞ മത്സരങ്ങളിലെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഓസ്‌ട്രേലിയക്കെതിരായ സന്നാഹ മത്സരത്തില്‍ പുറത്തെടുത്ത മികവ് രാഹുലിന് ആവര്‍ത്തിക്കേണ്ടതുണ്ട്. അതേസമയം പാകിസ്ഥാനെതിരായി കളിച്ച ടീമില്‍ നിന്ന് മാറ്റങ്ങളുണ്ടാകില്ലെന്ന സൂചനയാണ് ഇന്ത്യയുടെ ബൗളിങ് പരിശീലകന്‍ പരാസ് മാംബ്രെ നല്‍കുന്നത്.