പെര്‍ത്ത്: ടി20 ലോകകപ്പില്‍ ഇന്ത്യ മൂന്നാം മത്സരത്തിനിറങ്ങുമ്പോള്‍ എല്ലാ കണ്ണുകളും ഓപ്പണര്‍ കെ എല്‍ രാഹുലിലേക്ക്. കഴിഞ്ഞ രണ്ട് മത്സരങ്ങളില്‍ തിളങ്ങാന്‍ സാധിക്കാതിരുന്ന താരം പ്രോട്ടീസിനെതിരായ മത്സരത്തില്‍ ശക്തമായി തിരിച്ചുവരുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്. താരത്തെ ഒഴിവാക്കില്ലെന്ന് പരിശീലകന്‍ വിക്രം റാത്തോറും അഭിപ്രായപ്പെട്ട സാഹചര്യത്തില്‍ വിമര്‍ശകരുടെ വായടപ്പിക്കാന്‍ രാഹുലിന് ഇന്നൊരു തകര്‍പ്പന്‍ ഇന്നിങ്സ് കളിക്കേണ്ടത്.
പെര്‍ത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4:30 മുതലാണ് മത്സരം. പ്രോട്ടീസിനെ തകര്‍ത്താല്‍ ഇന്ത്യക്ക് സെമിഫൈനല്‍ ബര്‍ത്ത് ഉറപ്പിക്കാം. കരുത്തരായ ദക്ഷിണാഫ്രിക്കന്‍ നിരയെ നേരിടാനൊരുങ്ങുമ്പോള്‍ ഇന്ത്യ വിജയകോമ്പിനേഷനില്‍ മാറ്റം വരുത്തുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.
എന്നാല്‍ രണ്ട് മത്സരങ്ങളുടെ പേരില്‍ രാഹുലിനെ ഒഴിവാക്കില്ലെന്ന് ഇന്ത്യയുടെ ബാറ്റിങ് പരിശീലകന്‍ വിക്രം റാത്തോര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ രോഹിത് രാഹുല്‍ സഖ്യം തന്നെയാകും മൂന്നാം മത്സരത്തിലും ഇന്ത്യന്‍ ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുന്നത്. മൂന്നാം നമ്പറില്‍ വിരാട് കോലിയും ഇന്ത്യന്‍ നിരയിലെത്തും.
നാലാം നമ്പറില്‍ സൂര്യകുമാര്‍ യാദവിനെ തഴയാനക സാധ്യതയില്ല. ഹാര്‍ദിക് പാണ്ഡ്യയുടെ സ്ഥാനത്തിനും ടീമില്‍ ഇളക്കം തട്ടില്ല. അതേസമയം ദിനേശ് കാര്‍ത്തിക്കിന് പകരം റിഷഭ് പന്തിനെ പരിഗണിക്കണമെന്ന ആവശ്യവും ഉയരുന്നുണ്ട്.
എന്നാല്‍ ദിനേശ് കാര്‍ത്തിക്കിനെ ടീമില്‍ നിന്ന് ഒഴിവാക്കാന്‍ സാധ്യത കുറവാണ്. അതേസമയം പേസ് ബോളിങ് ഡിപ്പാര്‍ട്ട്മെന്‍റിലും മാറ്റം ഉറപ്പില്ല. ഭുവനേശ്വര്‍ കുമാര്‍, മൊഹമ്മദ് ഷാമി, അര്‍ഷ്‌ദീപ് സിങ് എന്നിവര്‍ക്കാകും പേസ് ബോളിങ് ചുമതല.
അക്സര്‍ പട്ടേലും ആര്‍. അശ്വിനും സ്‌പിന്‍ ബോളിങ് മികച്ച രീതിയില്‍ കൈകാര്യം ചെയ്യുന്നുണ്ട്. ഫാസ്‌റ്റ് ബോളിങ്ങിന് അനുകൂലമായ പെര്‍ത്തിലെ പിച്ചില്‍ അധിക പേസറെ ഉള്‍പ്പെടുത്താന്‍ തീരുമനിച്ചാല്‍ ഹര്‍ഷല്‍ പട്ടേല്‍ ഇന്ത്യയുടെ അന്തിമ ഇലവനിലേക്കെത്തും.
കരുതിയിരിക്കാം ഇവരെ:ഇന്ത്യക്കെതിരായ ടി20 പരമ്പരയില്‍ സെഞ്ച്വറി നേടിയ ദക്ഷിണാഫ്രിക്കന്‍ ഇടം കയ്യന്‍ ബാറ്റര്‍ റിലീ റുസോ ബംഗ്ലാദേശിനെതിരായ മത്സരത്തിലും ശതകം പൂര്‍ത്തിയാക്കിയിരുന്നു. റൂസോയ്‌ക്കൊപ്പം ക്വിന്‍റണ്‍ ഡി കോക്കും ഫോം തുടര്‍ന്നാല്‍ ഇന്ത്യന്‍ ബോളര്‍മാര്‍ പെര്‍ത്തില്‍ പരീക്ഷിക്കപ്പെട്ടേക്കാം. അതേസമയം ഡോവിഡ് മില്ലറുടെ വെടിക്കെട്ട് ബാറ്റിങ്ങിനെയും ഇന്ത്യന്‍ ബോളര്‍മാര്‍ കരുതിയിരിക്കണം.
പേസിന് അനുകൂലമായ പെര്‍ത്തിലെ പിച്ചില്‍ ഇന്ത്യന്‍ ബാറ്റര്‍മാര്‍ക്ക് വെല്ലുവിളിയാകാന്‍ കഴിവുള്ള ബോളര്‍മാരും പ്രോട്ടീസ് നിരയിലുണ്ട്. കഗിസോ റബാഡ, ആൻറിച്ച് നോര്‍ക്യ എന്നിവര്‍ മികവിലേക്ക് ഉയര്‍ന്നാല്‍ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ല.
കണക്കിലെ കളി:ലോകകപ്പില്‍ ഇരു ടീമുകളും നേര്‍ക്കുനേര്‍ വന്ന അഞ്ച് മത്സരങ്ങളില്‍ നാലിലും ജയം ഇന്ത്യക്കൊപ്പമാണ് നിന്നത്. ഒരു മത്സരം മാത്രമാണ് ദക്ഷിണാഫ്രിക്ക വിജയിച്ചത്. അവസാനം നടന്ന ടി20 പരമ്പരയിലും ജയം നേടിയത് ഇന്ത്യ ആയിരുന്നു.
പെര്‍ത്തിലെ കാലാവസ്ഥ:പെര്‍ത്ത് വേദിയാകുന്ന ഇന്ത്യ ദക്ഷിണാഫ്രിക്ക മത്സരത്തിന് നിലവില്‍ മഴഭീഷണിയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം രാവിലെ 10 മുതല്‍ 12 വരെ മഴയ്‌ക്കാണ് പെര്‍ത്തില്‍ സാധ്യതയുള്ളതെന്നാണ് പ്രവചനം. എന്നാല്‍ മത്സരം ആരംഭിക്കുന്നത് പ്രദേശിക സമയം വൈകീട്ട് 7 മണിക്ക് (ഇന്ത്യന്‍ സമയം വൈകീട്ട് 4:30) ആയിതനാല്‍ നേരിയ മഴ പെയ്‌താലും മത്സരത്തെ ബാധിക്കാന്‍ സാധ്യതയില്ല.
തത്സമയം കാണാം: സൂപ്പര്‍ 12ലെ ഇന്ത്യ ദക്ഷിണാഫ്രിക്ക പോരാട്ടം പെര്‍ത്തില്‍ ഇന്ത്യന്‍ സമയം വൈകുന്നേരം 4:30നാണ് ആരംഭിക്കുന്നത്. സ്‌റ്റാര്‍ സ്‌പോര്‍ട്‌സ്, ഹോട്‌സ്റ്റാര്‍ എന്നിവയ്‌ക്ക് പുറമെ ഡിഡി സ്‌പോര്‍ട്‌സിലൂടെയും ആരാധകര്‍ക്ക് മത്സരം വീക്ഷിക്കാം.