അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ബംഗ്ലാദേശിനെതിരായ തകർപ്പൻ ജയത്തോടെ ഇന്ത്യ സെമി സാധ്യത സജീവമാക്കി. മഴമൂലം 16 ഓവറായി ചുരുക്കിയ മത്സരത്തിൽ അഞ്ച് റണ്‍സിനായിരുന്നു ഇന്ത്യയുടെ വിജയം. ഇന്ത്യയുടെ 184 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ബംഗ്ലാദേശ് 66 റണ്‍സിൽ നിൽക്കെ മഴ പെയ്യുകയും വിജയലക്ഷ്യം 16 ഓവറിൽ 151 റണ്‍സായി ചുരുക്കുകയുമായിരുന്നു. 7.2 ഓവറില്‍ 68-1 എന്ന ശക്തമായ നിലയില്‍ നിന്ന ബംഗ്ലാ കടുവകളെ എറിഞ്ഞൊതുക്കിയാണ് ഇന്ത്യ വിജയത്തിലേക്കെത്തിയത്.
അവസാന പന്ത് വരെ ആവേശം നിറഞ്ഞതായിരുന്നു മത്സരം. ഒരു ഘട്ടത്തിൽ അനായസ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശ് മഴയ്‌ക്ക് പിന്നാലെ തണുപ്പൻ കളിയാണ് പുറത്തെടുത്തത്. മഴയ്‌ക്ക് ശേഷം ബംഗ്ലാദേശിന് 54 പന്തിൽ 95 റണ്‍സായിരുന്നു വിജയിക്കാൻ വേണ്ടിയിരുന്നത്. എന്നാൽ കൃത്യമായ ഇടവേളകളിൽ വിക്കറ്റിട്ട ഇന്ത്യൻ ബോളർമാർ കൈവിട്ട മത്സരം തിരികെ കൊണ്ടുവരികയായിരുന്നു.
അർഷദീപ് സിങ് എറിഞ്ഞ അവസാന ഓവറിൽ 20 റണ്‍സായിരുന്നു ബംഗ്ലാദേശിന് വിജയിക്കാൻ വേണ്ടിയിരുന്നത്. ഓവറിലെ രണ്ടാം പന്ത് നുറുൾ ഹുസൈൻ സിക്‌സിന് പറത്തി ഇന്ത്യയെ ഞെട്ടിച്ചു. എന്നാൽ തുടർന്നുള്ള രണ്ട് ബോളുകളിൽ നിന്ന് രണ്ട് റണ്‍സേ അർഷദീപ് വിട്ടുനൽകിയുള്ളു. എന്നാൽ അഞ്ചാം പന്തിൽ നുറുൾ ഫോർ നേടിയതോടെ വിജയലക്ഷ്യം ഒരു പന്തിൽ ആറ് റണ്‍സ്. എന്നാൽ അവസാന പന്തിൽ ഒരു റണ്‍സ് നേടാനെ ബംഗ്ലാദേശിനായുള്ളു.
തുടക്കം ഗംഭീരം: മഴ മുന്നിൽ കണ്ട് വമ്പൻ അടികളുമായാണ് ബംഗ്ലാദേശ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയത്. 21 പന്തിൽ അർധശതകം തികച്ച ലിറ്റണ്‍ ദാസ് ആദ്യ ആറ് ഓവറിൽ തന്നെ ബംഗ്ലാദേശിന്‍റെ സ്‌കോർ 60 കടത്തി. തുടർന്നാണ് മഴയെത്തിയത്. മഴ മാറി മത്സരം പുനരാരംഭിച്ചതോടെ ഇന്ത്യ മത്സരത്തിൽ പിടിമുറുക്കി. എട്ടാം ഓവറിൽ കെഎൽ രാഹുലിന്‍റെ ഡയറക്‌ട് ത്രോയിൽ ലിറ്റണ്‍ ദാസ് പുറത്തായതാണ് മത്സരത്തിൽ വഴിത്തിരിവായത്. പിന്നാലെ കൃത്യമായ ഇടവേളകളിൽ വിക്കറ്റ് പൊഴിഞ്ഞു.