മെല്‍ബണ്‍:പാകിസ്ഥാനെതിരായ സൂപ്പര്‍ ഇന്നിങ്സിന് മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലിയെ പ്രശംസിച്ച് ഓള്‍റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ. 19-ാം ഓവര്‍ എറിയാനെത്തിയ പാക് പേസര്‍ ഹാരിസ് റൗഫിനെ അതിര്‍ത്തി കടത്തിയ സിക്‌സറുകളെ ഏറ്റവും മനോഹര ഷോട്ടുകള്‍ എന്നായിരുന്നു പാണ്ഡ്യ വിശേഷിപ്പിച്ചത്. മത്സര ശേഷം ബിസിസിഐ ടിവിക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ഇന്ത്യന്‍ ഓള്‍റൗണ്ടറുടെ പ്രതികരണം.
'ആ രണ്ട് ഷോട്ടുകള്‍, അത് എത്രത്തോളം പ്രാധാന്യമര്‍ഹിക്കുന്നതാണെന്ന് എനിക്കറിയാം. ഞാനും കരിയറില്‍ ഒരുപാട് സിക്‌സറുകള്‍ പായിച്ചിട്ടുണ്ട്. എന്നാല്‍ ഹാരിസ് റൗഫിനെതിരെ വിരാട് നേടിയ ആ രണ്ട് സിക്‌സറുകള്‍ വളരെ സ്‌പെഷ്യലാണ്.
ഇത്തരമൊരു സാഹചര്യത്തില്‍ വിരാടിനല്ലാതെ മറ്റാര്‍ക്കും ആ ഷോട്ട് കളിക്കാനാകുമെന്ന് ഞാന്‍ കരുതുന്നില്ല. ഞങ്ങള്‍ ജയത്തിനായി നല്ല രീതിയില്‍ തന്നെ കഷ്‌ടപ്പെട്ടിരുന്നു. ജയത്തിനായി ഞങ്ങള്‍ ഒരുമിച്ച് പോരാടി. അതുകൊണ്ട് തന്നെയാണ് വിരാട് കോലിയുടെ ഷോട്ടുകള്‍ കൂടുതല്‍ പ്രത്യേകതയുള്ളതായി മാറുന്നത്', ഹാര്‍ദിക് പാണ്ഡ്യ പറഞ്ഞു.
പാകിസ്ഥാനെതിരായ മത്സരത്തില്‍ വിരാട് കോലി ഹാര്‍ദിക് പാണ്ഡ്യ സഖ്യം അഞ്ചാം വിക്കറ്റില്‍ കൂട്ടിച്ചേര്‍ത്ത 113 റണ്‍സ് പാര്‍ട്‌ണര്‍ഷിപ്പാണ് ഇന്ത്യന്‍ ജയത്തില്‍ നിര്‍ണായകമായത്. വിരാട് 53 പന്തില്‍ പുറത്താകാതെ 82 റണ്‍സ് നേടിയ മത്സരത്തില്‍ 37 പന്തില്‍ 40 റണ്‍സായിരുന്നു പാണ്ഡ്യയുടെ സമ്പാദ്യം.