കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പ്: 1992 ആവർത്തിച്ചില്ല, അർധസെഞ്ച്വറിയുമായി സ്റ്റോക്‌സ് നയിച്ചു, ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോകകപ്പ് - ബെന്‍ സ്റ്റോക്‌സ്

ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 138 റണ്‍സെടുത്തു.

t20 world cup 2022  t20 world cup  england vs pakistan  england vs pakistan highlights  ടി20 ലോകകപ്പ്  ടി20 ലോകകപ്പ്  ബെന്‍ സ്റ്റോക്‌സ്  Ben Stokes
ടി20 ലോകകപ്പ്: ഫൈനലില്‍ പാകിസ്ഥാന്‍ കീഴടങ്ങി, ഇംഗ്ലണ്ടിന് രണ്ടാം കിരീടം

By

Published : Nov 13, 2022, 5:29 PM IST

മെല്‍ബണ്‍: മെല്‍ബണില്‍ 1992 ആവര്‍ത്തിക്കാനിറങ്ങിയ പാകിസ്ഥാന് കാലിടറി. ടി20 ലോകകപ്പ് ഇംഗ്ലണ്ടിന്. ടൂര്‍ണമെന്‍റിന്‍റെ ഫൈനലില്‍ പാകിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് ഇംഗ്ലണ്ട് തോല്‍പ്പിച്ചത്. ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിന്‍റെ രണ്ടാം കിരീടമാണിത്.

ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 137 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ ഇംഗ്ലണ്ട് 19 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്‌ടത്തില്‍ 138 റണ്‍സെടുത്തു. അര്‍ധ സെഞ്ചുറിയുമായി പുറത്താവാതെ നിന്ന ബെന്‍ സ്റ്റോക്‌സാണ് ഇംഗ്ലണ്ടിന്‍റെ വിജയ ശില്‍പി. 48 പന്തില്‍ 51 റണ്‍സാണ് താരം നേടിയത്.

ആദ്യ ഓവറിന്‍റെ ആറാം പന്തില്‍ അലക്‌സ് ഹെയ്ല്‍സിന്‍റെ (1) കുറ്റി തെറിപ്പിച്ച് ഞെട്ടിക്കുന്ന തുടക്കമാണ് ഷഹീന്‍ അഫ്രീദി ഇംഗ്ലണ്ടിന് നല്‍കിയത്. തുടര്‍ന്ന് പവര്‍പ്ലേ പിന്നിടും മുമ്പ് രണ്ട് വിക്കറ്റുകള്‍ കൂടി നഷ്‌ടമായ ഇംഗ്ലണ്ട് 5.3 ഓവറില്‍ 45 റണ്‍സ് എന്ന നിലയിലേക്ക് വീണു.

ഫിലിപ്പ് സാള്‍ട്ട് (10), ക്യാപ്റ്റന്‍ ജോസ് ബട്‌ലര്‍ (17 പന്തില്‍ 26) എന്നിവരാണ് തിരിച്ച് കയറിയത്. പിന്നീട് ഒന്നിച്ച ബെന്‍ സ്റ്റോക്ക്‌സ് - ഹാരി ബ്രൂക്ക്‌സ് സഖ്യം ഇംഗ്ലണ്ടിനെ ട്രാക്കിലാക്കി. നാലാം വിക്കറ്റില്‍ 39 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് ഇരുവരും ഉയര്‍ത്തിയത്. ബ്രൂക്ക്‌സിനെ (20 പന്തില്‍ 23) വീഴ്‌ത്തി ഷദാബ് ഖാനാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

തുടര്‍ന്നെത്തിയ മോയിന്‍ അലിയെ കൂട്ടുപിടിച്ച് സ്റ്റോക്ക്‌സ് ഇംഗ്ലണ്ടിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. അഞ്ചാം വിക്കറ്റായി അലി (13 പന്തില്‍ നിന്ന് 19) തിരിച്ച് കയറുമ്പോള്‍ ലക്ഷ്യത്തിന് ആറ് റണ്‍സ് അകലെയായിരുന്നു ഇംഗ്ലണ്ട്. സ്റ്റോക്‌സിനൊപ്പം ലിയാം ലിവിങ്‌സ്റ്റണും (1പന്തില്‍ 1) പുറത്താവാതെ നിന്നു.

പാകിസ്ഥാനായി ഹാരിസ് റൗഫ് രണ്ട് വിക്കറ്റ് വീഴ്‌ത്തി. ഷഹീന്‍ ഷാ അഫ്രീദി, ഷദാബ് ഖാന്‍, മുഹമ്മദ് വസീം എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങി പാകിസ്ഥാനെ ഇംഗ്ലീഷ് ബോളര്‍മാര്‍ വരിഞ്ഞ് മുറുക്കുകയായിരുന്നു. 28 പന്തില്‍ 38 റണ്‍സെടുത്ത ഷാൻ മസൂദാണ് പാകിസ്ഥാന്‍റെ ടോപ് സ്‌കോറര്‍. മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ സാം കറന്‍, രണ്ട് വിക്കറ്റ് വീതം നേടിയ ആദില്‍ റഷീദ്, ക്രിസ് ജോര്‍ദാന്‍ എന്നിവര്‍ ഇംഗ്ലണ്ടിനായി തിളങ്ങി.

കരുതലോടെയായിരുന്നു പാകിസ്ഥാന്‍റെ തുടക്കം. പവര്‍പ്ലേ പിന്നിടുമ്പോള്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 40 റണ്‍സ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. മുഹമ്മദ് റിസ്‌വാന്‍റെ വിക്കറ്റാണ് സംഘത്തിന് ആദ്യം നഷ്‌ടമായത്. 14 പന്തില്‍ 15 റണ്‍സെടുത്ത റിസ്‌വാനെ സാം കറന്‍ ബൗള്‍ഡാക്കുകയായിരുന്നു. തുടര്‍ന്നെത്തിയ മുഹമ്മദ് ഹാരിസിന് അധികം ആയുസുണ്ടായിരുന്നില്ല.

12 പന്തില്‍ 8 റണ്‍സെടുത്ത ഹാരിസിനെ ആദില്‍ റഷീദിന്‍റെ പന്തില്‍ ബെന്‍സ്റ്റോക്‌സ് പിടികൂടി.പിന്നാലെ ബാബര്‍ അസമും വീണു. 28 പന്തില്‍ 32 റണ്‍സെടുത്ത ബാബറെ റിട്ടേണ്‍ ക്യാച്ചിലൂടെ ആദില്‍ റഷീദാണ് പുറത്താക്കിയത്. തുടര്‍ന്നെത്തിയ ഇഫ്‌തിഖർ അഹമ്മദ് ആറ് പന്ത് നേരിട്ടെങ്കിലും അക്കൗണ്ട് തുറക്കാതെ മടങ്ങിയതോടെ പാകിസ്ഥാന്‍ പ്രതിരോധത്തിലായി.

ഈ സമയം 12.2 ഓവറില്‍ നാല് വിക്കറ്റ് നഷ്‌ടത്തില്‍ 85 റണ്‍സ് എന്ന നിലയിലായിരുന്നു പാകിസ്ഥാന്‍. ആറാമനായെത്തിയ ഷദാബ് ഖാൻ ചെറുത്തുനില്‍പ്പിന് ശ്രമിച്ചെങ്കിലും ക്രിസ് ജോർദാന്‍റെ പന്തില്‍ ക്രിസ് വോക്‌സിന് ക്യാച്ച് നല്‍കി മടങ്ങി. 14 പന്തില്‍ 20 റണ്‍സാണ് താരം നേടിയത്.

തുടര്‍ന്നെത്തിയ മുഹമ്മദ് നവാസ് (7 പന്തില്‍ 5) , മുഹമ്മദ് വസീം (8 പന്തില്‍ 4) എന്നിവര്‍ക്ക് കാര്യമായി ഒന്നും ചെയ്യാനായില്ല.ഹാരിസ് റൗഫ് (1 പന്തില്‍1), ഷഹീൻ അഫ്രീദി (3 പന്തില്‍ 5) എന്നിവര്‍ പുറത്താവാതെ നിന്നു. ഇംഗ്ലണ്ടിനായി സാം കറന്‍ നാല് ഓവറില്‍ 12 റണ്‍സ് മാത്രം വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്‌ത്തിയത്. ബെന്‍ സ്റ്റോക്‌സിന് ഒരു വിക്കറ്റുണ്ട്.

ABOUT THE AUTHOR

...view details