അഡ്‌ലെയ്‌ഡ്: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തിന് മുന്‍പ് ഇന്ത്യക്ക് മുന്നറിയിപ്പുമായി ബംഗ്ലാദേശ് ക്യാപ്‌റ്റന്‍ ഷാക്കിബ് അല്‍ ഹസന്‍. കിരീടം നേടുകയല്ല ഇന്ത്യയെപ്പോലുള്ള മുന്‍നിര ടീമുകളെ അട്ടിമറിക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഷാക്കിബ് പറഞ്ഞു. ഇന്ത്യക്കെതിരായ മത്സരത്തിന് മുന്‍പ് അഡ്‌ലെയ്‌ഡില്‍ മാധ്യമങ്ങളെ കണ്ടപ്പോഴായിരുന്നു ബംഗ്ലാദേശ് ക്യാപ്‌റ്റന്‍റെ പ്രതികരണം.
ടി20 ലോകകപ്പില്‍ കിരീട സാധ്യത കല്‍പ്പിക്കുന്ന ടീമുകളിലൊന്നാണ് ഇന്ത്യ. അവര്‍ അതുകൊണ്ട് തന്നെ ലോകകപ്പ് നേടുക എന്ന ലക്ഷ്യത്തോടെയാണ് ഓസ്‌ട്രേലിയയില്‍ എത്തിയിരിക്കുന്നത്. ഞങ്ങളുടെ ടീം ലോകകപ്പിലെ ഫേവറേറ്റുകളൊന്നുമല്ല.
ഇന്ത്യയെ പോലൊരു വമ്പന്‍ ടീമിനെ ഞങ്ങള്‍ തോല്‍പ്പിച്ചാല്‍ വലിയ അട്ടിമറി എന്നായിരിക്കും അത് അറിയപ്പെടുക. അതിനുവേണ്ടിയണ് ഞങ്ങള്‍ ശ്രമിക്കുന്നത്, ഷാക്കിബ് പറഞ്ഞു.
ഇന്ത്യക്കും പാകിസ്ഥാനുമെതിരെയാണ് ഞങ്ങളുടെ ശേഷിക്കുന്ന മത്സരങ്ങള്‍. ഇരു ടീമുകള്‍ക്കുമെതിരെ ഞങ്ങള്‍ക്ക് ജയം സ്വന്തമാക്കാനായാല്‍ അത് ലോകകപ്പിലെ വലിയ അട്ടിമറികളിലൊന്നാകും. ഇന്ത്യയും പാകിസ്ഥാനും കടലാസില്‍ ഞങ്ങളേക്കാള്‍ കരുത്തരാണ്.
എന്നാല്‍ മികച്ച പ്രകടനം നടത്തുകയും ആ ദിവസം ഞങ്ങളുടേതുമായാല്‍ എന്തും സാധ്യമായിരിക്കും. ഇംഗ്ലണ്ടിനെ അയര്‍ലന്‍ഡും, പാകിസ്ഥാനെ സിംബാബ്‌വെയും തോല്‍പ്പിക്കുന്നത് ഈ ലോകകപ്പില്‍ നമ്മള്‍ കണ്ടു. അത് ആവര്‍ത്തിക്കാന്‍ ഞങ്ങള്‍ക്കും സാധിച്ചാല്‍ ഞാന്‍ സന്തോഷവാനായിരിക്കും, ഷാക്കിബ് വ്യക്തമാക്കി.
ഇന്ത്യക്കെതിരായ മത്സരത്തില്‍ ഗാലറി ഞങ്ങള്‍ക്ക് എതിരായിരിക്കും. എന്നാലും ജയത്തിനായി പരമാവധി ഞങ്ങള്‍ ശ്രമിക്കുമെന്നും ഷാക്കിബ് കൂട്ടിച്ചേര്‍ത്തു. അതേസമയം ഇന്ത്യയുടെ മധ്യനിര ബാറ്റര്‍ സൂര്യകുമാര്‍ യാദവിന്‍റെ ബാറ്റിങ്ങും ബംഗ്ലാദേശ് ക്യാപ്‌റ്റന്‍ പ്രശംസിച്ചു. കഴിഞ്ഞ ഒരു വര്‍ഷത്തെ കണക്കുകള്‍ വിലയിരുത്തിയാല്‍ ടി20 ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റര്‍ സൂര്യകുമാര്‍ യാദവ് ആണെന്നും ഷാക്കിബ് അഭിപ്രായപ്പെട്ടു.
ടി20 ലോകകപ്പില്‍ സെമിയിലേക്ക് മുന്നേറാന്‍ ഇന്ത്യക്കും ബംഗ്ലാദേശിനും ജയം അനിവാര്യമാണ്. മൂന്ന് മത്സരങ്ങള്‍ വീതം കളിച്ച ഇരു ടീമിനും നാല് പോയിന്‍റ് വീതമാണുള്ളത്. എന്നാല്‍ നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ പോയിന്‍റ് പട്ടികയില്‍ ഇന്ത്യ രണ്ടാമതും, ബംഗ്ലാദേശ് മൂന്നാം സ്ഥാനത്തുമാണുള്ളത്.