ഹൊബാര്‍ട്ട്: ടി20 ലോകകപ്പ് സൂപ്പര്‍ 12 പോരാട്ടത്തില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ബംഗ്ലാദേശ്. ടസ്‌കിന്‍ അഹമ്മദ് 4 വിക്കറ്റുമായി തിളങ്ങിയ മത്സരത്തില്‍ 9 റണ്‍സിനാണ് ബംഗ്ലാദേശിന്‍റെ വിജയം. 145 റണ്‍സ് പിന്തുടര്‍ന്നിറങ്ങിയ നെതര്‍ലന്‍ഡ്‌സിന്‍റെ പോരാട്ടം 135ല്‍ അവസാനിക്കുകയായിരുന്നു.
റണ്‍ ചേസ് തകര്‍ച്ചയോടെ തുടങ്ങിയ നെതര്‍ലന്‍ഡ്‌സിന് 15 റണ്‍സിനിടെയാണ് ആദ്യ നാല് വിക്കറ്റ് നഷ്‌ടപ്പെട്ടത്. ആദ്യ ഓവറില്‍ തന്നെ നെതര്‍ലന്‍ഡ്സിന് ഇരട്ടപ്രഹരമേല്‍പ്പിച്ചാണ് ടസ്‌കിന്‍ തുടങ്ങിയത്. ഓപ്പണറായ വിക്രംജീത് സിങ്, മൂന്നാമനായി ക്രീസിലെത്തിയ ബാസ് ഡി ലീഡ് എന്നിവര്‍ ഗോള്‍ഡന്‍ ഡക്കായി മടങ്ങി.
ഷാക്കിബ് അല്‍ ഹസന്‍ എറിഞ്ഞ നാലാം ഓവറില്‍ മാക്സ് ഒഡൗഡ് (8), ടോ കൂപ്പര്‍ എന്നിവര്‍ റണ്‍ ഔട്ടായി. ഒരു പന്ത് പോലും നേരിടാതെയാണ് ടോം കൂപ്പര്‍ പവലിയനിലേക്ക് മടങ്ങിയത്. പിന്നാലെ കോളിന്‍ അക്കര്‍മാന്നിനൊപ്പം ചേര്‍ന്ന ക്യാപ്‌റ്റന്‍ സ്‌കോട് എഡ്‌വേഡ്‌സ് എന്നിവര്‍ ചേര്‍ന്ന് ടീം ടോട്ടല്‍ 50 കടത്തി.
എഡ്‌വേഡ്‌സിനെ പുറത്താക്കി ഷാക്കിബ് അല്‍ ഹസനാണ് 12ാം ഓവറില്‍ കൂട്ടുകെട്ട് പൊളിച്ചത്. പിന്നാലെ ക്രീസിലെത്തിയ ടിം പ്രിന്‍ഗ്ലിനെ(6 പന്തില്‍ 1) ഹസന്‍ മഹ്‌മൂദും പുറത്താക്കി. നെതര്‍ലന്‍ഡ്‌സ് 66-6 എന്ന നിലയില്‍ നില്‍ക്കേ ഹൊബാര്‍ടില്‍ മഴ കളി തടസപ്പെടുത്തി.
മത്സരം പുനരാരംഭിച്ചതിന് പിന്നാലെ ലോഗന്‍ വാന്‍ ബിക്കിനെ (5) ഹസന്‍ മഹ്‌മൂദും ഷരീസ് അഹമ്മദിനെ(8) ടസ്‌കിന്‍ അഹമ്മദും മടക്കി. 48 പന്തില്‍ 62 റണ്‍സ് നേടി പൊരുതിയ കോളിന്‍ അക്കര്‍മാന്നിനെ 17ാം ഓവറില്‍ ടസ്‌കിന്‍ മടക്കിയതോടെ നെതര്‍ലന്‍ഡ്‌സ് പോരാട്ടം അവസാനിച്ചു. ഇന്നിങ്സിലെ അവസാന പന്തില്‍ വിക്കറ്റ് നേടി സൗമ്യ സര്‍ക്കാരാണ് ബംഗ്ലാദേശിന് 9 റണ്‍സ് വിജയം സമ്മാനിച്ചത്.