അഡ്‌ലെയ്‌ഡ് ഓവൽ: ടി20 ലോകകപ്പിലെ സൂപ്പർ 12 പോരാട്ടത്തിൽ ഓസ്‌ട്രേലിയയെ വിറപ്പിച്ച് കീഴടങ്ങി അഫ്‌ഗാനിസ്ഥാൻ. മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയയുടെ 168 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്‌ഗാനിസ്ഥാന് 164 റണ്‍സ് നേടാനേ സാധിച്ചുള്ളു. അവസാന ഓവറുകളിൽ മിന്നൽ പ്രകടനം നടത്തിയ റാഷിദ് ഖാൻ ടീമിനെ വിജയത്തിലേക്ക് എത്തിക്കുമെന്ന് തോന്നിച്ചെങ്കിലും നാല് റണ്‍സ് അകലെ അഫ്‌ഗാൻ വീഴുകയായിരുന്നു.
23 പന്തിൽ നാല് സിക്‌സും മൂന്ന് ഫോറുമടക്കം 48 റണ്‍സോടെ റാഷിദ് ഖാൻ പുറത്താകാതെ നിന്നു. സ്‌റ്റോയിനസ് എറിഞ്ഞ അവസാന ഓവറിൽ 20 റണ്‍സായിരുന്നു അഫ്‌ഗാനിസ്ഥാന്‍റെ വിജയ ലക്ഷ്യം. എന്നാൽ റാഷിദ് ഖാന് 16 റണ്‍സെടുക്കാനേ സാധിച്ചുള്ളു. അവസാന ഓവർ വരെയും ഓസീസ് താരങ്ങളെയും കാണികളെയും മുൾമുനിയിൽ നിർത്തിയാണ് റാഷിദ് ഖാൻ തന്‍റെ പോരാട്ടം അവസാനിപ്പിച്ചത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്‌ത ഓസ്‌ട്രേലിയ ഗ്ലെൻ മാക്‌സ്‌വെല്ലിന്‍റെയും(54), മിച്ചൽ മാർഷിന്‍റെയും(45) ബാറ്റിങ് മികവിലാണ് മികച്ച സ്‌കോർ കണ്ടെത്തിയത്. ഇവരെക്കൂടാതെ ഡേവിഡ് വാർണർ(25), മാർക്കസ് സ്റ്റോയിനസ്(25) എന്നിവർക്ക് മാത്രമാണ് ഓസീസ് നിരയിൽ രണ്ടക്കം കാണാനായത്. അഫ്‌ഗാനിസ്ഥാനായി നവീൻ ഉൾ ഹഖ് മൂന്ന് വിക്കറ്റും ഫസൽഹഖ് ഫറൂഖി രണ്ട് വിക്കറ്റും നേടി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാന്‍റെ തുടക്കം തന്നെ തകർച്ചയോടെയായിരുന്നു. ഓപ്പണർ ഉസ്‌മാൻ ഗുലാനിയെ(2) രണ്ടാം ഓവറിൽ തന്നെ നഷ്‌ടമായി. എന്നാൽ പിന്നീടൊന്നിച്ച ഇബ്രാഹിം സദ്രാൻ(26), ഗുൽബദിൻ നയിബ്(39) എന്നിവർ ടീം സ്‌കോർ ഉയർത്തി. എന്നാൽ ആദം സാംപ എറിഞ്ഞ 13-ാം ഓവർ മത്സരം മാറ്റിമറിച്ചു. ഓവറിൽ അടുത്തടുത്ത പന്തുകളിൽ മൂന്ന് താരങ്ങളെയാണ് അഫ്‌ഗാന് നഷ്‌ടമായത്. ഇതോടെ അഫ്‌ഗാൻ തോൽവി മണത്തു.
വിറപ്പിച്ച് റാഷിദ്:അനായാസ ജയം മുന്നിൽ കണ്ട ഓസ്‌ട്രേലിയയെ ഞെട്ടിച്ചുകൊണ്ട് അവസാന ഓവറുകളിൽ റാഷിദ് ഖാൻ കത്തിക്കയറി. ഓസീസ് ബോളർമാരെ തെല്ലും ഭയക്കാതെ റാഷിദ് ബൗണ്ടറികൾ പായിച്ചു. എന്നാൽ ടീമിനെ വിജയത്തിലേക്ക് എത്തിക്കാൻ താരത്തിനായില്ല. ഓസ്‌ട്രേലിയക്കായി ജോഷ് ഹേസൽവുഡ്, ആദം സാംപ എന്നിവർ രണ്ട് വിക്കറ്റുവീതം വീഴ്‌ത്തി. കെയ്‌ൻ റിച്ചാഡ്‌സണ്‍ ഒരു വിക്കറ്റും നേടി.
സെമിയിലെത്താൻ കാത്തിരിക്കണം: അതേസമയം ഓസീസിന്‍റെ ജയത്തോടെ ശ്രീലങ്ക സെമി കാണാതെ പുറത്തായി. വെള്ളിയാഴ്‌ച നടക്കുന്ന ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരഫലത്തെ അനുസരിച്ചാണ് ഇനി ഓസ്‌ട്രേലിയയുടെ സെമി സാധ്യത. നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്‍റാണ് ഓസ്‌ട്രേലിയക്കുള്ളത്. നാല് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിന്‍റുമായി ഇംഗ്ലണ്ടാണ് മുന്നിൽ.
ഇംഗ്ലണ്ട് - ശ്രീലങ്ക മത്സരത്തിൽ ഇംഗ്ലണ്ട് ജയിച്ചാല്‍ മികച്ച റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തിൽ അവര്‍ സെമിയിലെത്തും. ശ്രീലങ്ക ജയിച്ചാല്‍ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി ഓസീസിന് സെമി കളിക്കാം. അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിന്‍റുമായി ന്യൂസീലന്‍ഡ് ഗ്രൂപ്പ് ഒന്നില്‍ നിന്നും നേരത്തെ സെമി ഉറപ്പാക്കിയിരുന്നു.