പെർത്ത്: ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുന്നേ ഓസ്‌ട്രേലിയൻ ടീമിന് കനത്ത തിരിച്ചടി. കൊവിഡ് സ്ഥിരീകരിച്ച സ്റ്റാർ പേസർ ആദം സാംപ മത്സരത്തിൽ നിന്ന് പുറത്ത്. മത്സരത്തിന് മുന്നോടിയായി നടത്തിയ പരിശോധനയിലാണ് താരത്തിന് കൊവിഡ് കണ്ടെത്തിയത്. ഇതോടെ സാംപയ്‌ക്ക് പകരം ആഷ്‌ടൺ അഗറിനെ ഓസ്‌ട്രേലിയ ടീമിൽ ഉൾപ്പെടുത്തി.
മത്സരത്തിൽ ടോസ് നേടിയ ഓസ്‌ട്രേലിയ ബോളിങ് തെരഞ്ഞെടുത്തു. സെമി സാധ്യതകൾ നിലനിർത്തണമെങ്കിൽ ഓസീസിന് ഇന്നത്തെ മത്സരം ഏറെ നിർണായകമാണ്. ആദ്യ മത്സരത്തിൽ ന്യൂസിലൻഡിനെതിരെ ഞെട്ടിക്കുന്ന തോൽവിയാണ് ഓസീസ് ഏറ്റുവാങ്ങിയത്. നിലവിൽ ഒന്നാം ഗ്രൂപ്പിൽ അഫ്‌ഗാനിസ്ഥാനും അയർലൻഡിനും താഴെ അവസാന സ്ഥാനത്താണ് ഓസ്‌ട്രേലിയ.
അതേസമയം കൊവിഡ് നിയന്ത്രണങ്ങൾ പാടെ ഒഴിവാക്കിയാണ് ഇത്തവണ ടി20 ലോകകപ്പ് നടത്തുന്നത്. കൊവിഡ് പോസിറ്റീവായ താരങ്ങൾക്ക് മത്സരങ്ങളിൽ പങ്കെടുക്കുന്നതിന് ഓസ്‌ട്രേലിയയിൽ വിലക്ക് ഏർപ്പെടുത്തിയിട്ടില്ല. ഏതെങ്കിലും താരത്തിന് കൊവിഡ് പോസിറ്റീവായാലും വലിയ ലക്ഷണങ്ങൾ ഇല്ലെങ്കിൽ മെഡിക്കൽ സംഘത്തിന്‍റെ നിർദേശം ഉണ്ടെങ്കിൽ മത്സരത്തിൽ പങ്കെടുക്കാൻ സാധിക്കും.
കൊവിഡ് ബാധിതരായ കളിക്കാര്‍ക്ക് മാസ്‌ക് ധരിക്കല്‍, സാമൂഹ്യ അകലം പാലിക്കുക പോലുള്ള ചില കാര്യങ്ങള്‍ ശ്രദ്ധ പുലര്‍ത്തിയാല്‍ മതിയാകും. ശ്രീലങ്കയ്‌ക്കെതിരായ കഴിഞ്ഞ മത്സരത്തിൽ അയർലാന്‍റിന്‍റെ ജോർജ് ഡോക്രെൽ കൊവിഡ് പോസിറ്റീവായിരിക്കെ തന്നെ മത്സരത്തിൽ പങ്കെടുത്തിരുന്നു. മറ്റ് താരങ്ങളിൽ നിന്നും ടീം അംഗങ്ങളിൽ നിന്നും സാമൂഹിക അകലം പാലിച്ചാണ് താരം മത്സരത്തിൽ പങ്കെടുത്തത്.