കേപ് ടൗണ്‍: ടി20 ലോകകപ്പിൽ മിന്നും ഫോമിലാണ് ഇന്ത്യയുടെ സ്റ്റാര്‍ ബാറ്റര്‍ സൂര്യകുമാർ യാദവ് കളിക്കുന്നത്. ടൂര്‍ണമെന്‍റില്‍ ഇതിനകം മൂന്ന് അർധ സെഞ്ചുറികളാണ് താരം അടിച്ചെടുത്തത്. സൂപ്പര്‍ 12ല്‍ സിംബാബ്‌വെയ്‌ക്കെതിരായ മത്സരത്തിലെ സൂര്യയുടെ പ്രകടനം ഏറെ ശ്രദ്ധേയമായിരുന്നു.
പുറത്താവാതെ നിന്ന് സൂര്യ നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങാണ് ഇന്ത്യന്‍ സ്‌കോര്‍ 180 കടത്തിയത്. 25 പന്തിൽ ആറ് ഫോറും നാല് സിക്‌സും സഹിതം 61 റൺസാണ് താരം അടിച്ച് കൂട്ടിയത്. ഇതോടെ മത്സരത്തില്‍ 71 റൺസിന്‍റെ അനായാസ ജയം ഉറപ്പിക്കാനും ഇന്ത്യയ്‌ക്ക് കഴിഞ്ഞു. ലോകകപ്പില്‍ സൂര്യയുടെ ബാറ്റില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്.
മൈതാനത്തിന്‍റെ ഏത് വശത്തേക്കും അനായാസം പന്തടിക്കുന്ന സൂര്യ ഇതിനകം തന്നെ 360 ഡ്രിഗ്രി പ്ലെയറെന്ന് പേരെടുത്തു കഴിഞ്ഞു. നേരത്തെ ദക്ഷിണാഫ്രിക്കയുടെ മുൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സിന് മാത്രം സ്വന്തമായിരുന്ന വിശേഷണമാണിത്. ഇപ്പോഴിതാ ഡിവില്ലിയേഴ്‌സുമായുള്ള താരതമ്യത്തെക്കുറിച്ചുള്ള സൂര്യയുടെ പ്രതികരണവും അതിന് ഡിവില്ലിയേഴ്‌സ് നല്‍കിയ മറുപടിയും ഏറെ ശ്രദ്ധേയമാവുകയാണ്.
ലോകത്ത് ഒരു 360 ഡ്രിഗ്രി പ്ലെയര്‍ മാത്രമാണുള്ളതെന്നും അദ്ദേഹത്തെപ്പോലെ കളിക്കാന്‍ താന്‍ ശ്രമം നടത്തുകയാണെന്നുമായിരുന്നു സൂര്യ പറഞ്ഞത്. ഇതിന് ട്വിറ്ററിലൂടെയാണ് പ്രോട്ടീസിന്‍റെ മുന്‍ നായകന്‍ മറുപടി നല്‍കിയത്. "നിങ്ങൾ വളരെ വേഗത്തിൽ അവിടെ എത്തിച്ചേരുന്നു സുഹൃത്തേ, ഒരു പക്ഷെ.. അതിലും കൂടുതൽ!" എബി ഡിവില്ലിയേഴ്‌സ് പ്രതികരിച്ചു. സിംബാബ്‌വെയ്‌ക്ക് എതിരായ മിന്നും പ്രകടനത്തെ അഭിനന്ദിക്കാനും ഡിവില്ലിയേഴ്‌സ് മറന്നില്ല.
also read:"അയാള്‍ നമ്മൾ വിചാരിച്ചയാളല്ല, വന്നത് അന്യഗ്രഹത്തില്‍ നിന്ന്"; സൂര്യയെ വാനോളം പുകഴ്‌ത്തി വസീം അക്രം