കറാച്ചി : ടി20 ലോകകപ്പിനിറങ്ങുന്ന ഇന്ത്യയ്‌ക്ക് പേസര്‍ ജസ്‌പ്രീത് ബുംറയുടെ അഭാവം കനത്ത തിരിച്ചടിയാണ്. ബുംറയില്ലാത്ത ഇന്ത്യയുടെ പേസ് യൂണിറ്റിന് മുര്‍ച്ച കുറവാണെന്നാണ് വിലയിരുത്തല്‍. ഇതോടെ ടൂര്‍ണമെന്‍റിലെ ഫേവറേറ്റുകളായി ഇന്ത്യയെ കണക്കാക്കാന്‍ കഴിയില്ലെന്ന് അഭിപ്രായപ്പെട്ടിരിക്കുകയാണ് പാകിസ്ഥാന്‍ മുന്‍ താരം ആഖിബ് ജാവേദ്.
എന്നാല്‍ ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ ടീമിന് മുതല്‍ക്കൂട്ടാവുമെന്നും സ്വന്തം നിലയിൽ കളിയുടെ ഗതി മാറ്റാൻ കഴിയുന്ന താരമാണ് ഹാര്‍ദിക്കെന്നും ആഖിബ് ജാവേദ് പറഞ്ഞു. "നിലവിലെ ഇന്ത്യയുടെ ഫോം അത്ര മികച്ചതല്ല. അവരുടെ ബാറ്റിങ്ങിലും പ്രശ്‌നങ്ങളുണ്ട്. ജസ്പ്രീത് ബുംറയുടെ അഭാവത്തില്‍ അവർക്ക് ഷഹീൻ ഷാ അഫ്രീദി, ഹാരിസ് റൗഫ് എന്നിവരെപ്പോലെ ഒരു 'ഇംപാക്‌ട്' ബോളറില്ല.
ഒരു ഇംപാക്‌ട് ബോളര്‍ക്ക് എതിരാളികളിൽ വളരെയധികം സമ്മർദമുണ്ടാക്കാനും അതുവഴി മത്സരത്തിന്‍റെ ഫലം നിര്‍ണയിക്കുന്നതില്‍ വലിയ പങ്കുവഹിക്കാനും സാധിക്കും. അവർക്ക് ഇപ്പോൾ മീഡിയം പേസ് ബൗളർമാർ മാത്രമേയുള്ളൂ, എന്നാൽ ഏത് സമയത്തും കളി മാറ്റിമറിക്കാൻ കഴിയുന്ന ഹാർദിക് പാണ്ഡ്യയുണ്ട്"- ആഖിബ് ജാവേദ് പറഞ്ഞു.