അബുദബി:ടി20 ലോകകപ്പിലെ സൂപ്പര്‍ 12 പോരാട്ടത്തില്‍ ശ്രീലങ്കയ്‌ക്കെതിരെ വെസ്റ്റ്ഇന്‍ഡീസിന് 190 റണ്‍സ് വിജയ ലക്ഷ്യം. ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ ലങ്ക മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തിയാണ് 189 റണ്‍സെടുത്തത്. അവസാന ഓവറുകളില്‍ തകര്‍ടിച്ച ചരിത് അസലങ്കയുടേയും ക്യാപ്റ്റന്‍ ദസുൻ ഷനകയുടേയും പ്രകടനമാണ് ലങ്കയ്‌ക്ക് മികച്ച സ്‌കോര്‍ സമ്മാനിച്ചത്.
അസലങ്ക 41 പന്തില്‍ 68 റണ്‍സടിച്ചു. 19ാം ഒവറിന്‍റെ നാലാം പന്തിലാണ് താരം പുറത്തായത്. ദസുൻ ഷനക 14 പന്തില്‍ 25 റണ്‍സെടുത്തും ചാമിക കരുണരത്‌നെ മൂന്ന് പന്തില്‍ മൂന്ന് റണ്‍സെടുത്തും പുറത്താവാതെ നിന്നു. 41 പന്തില്‍ 51 റണ്‍സെടുത്ത് പുറത്തായ ഓപ്പണര്‍ പാത്തും നിസ്സാങ്കയും മിന്നി. കുശാല്‍ പെരേര 21 പന്തില്‍ 29 റണ്‍സുടുത്തു.
വിന്‍ഡീസിനായി ആന്ദ്രെ റസ്സൽ നാല് ഓവറില്‍ 33 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും ഡ്വെയ്ൻ ബ്രാവോ 42 റണ്‍സ് വിട്ടു നല്‍കി ഒറു വിക്കറ്റും വീഴ്‌ത്തി. ജാസണ്‍ ഹോള്‍ഡര്‍, രവി രാംപാല്‍ എന്നിവര്‍ നാല് ഓവറില്‍ 37 റണ്‍സ് വീതം വിട്ടുകൊടുത്തു. അകേൽ ഹൊസൈൻ രണ്ട് ഓവറില്‍ 22 റണ്‍സും വിട്ടുകൊടുത്തു.
also read: അശ്വിനെതിരെ അഫ്‌ഗാന്‍ ബാറ്റര്‍മാര്‍ക്ക് മറുപടിയുണ്ടായിരുന്നില്ല; പ്രശംസിച്ച് സച്ചിന്‍
അതേസമയം മുന്‍ മത്സരത്തിലെ ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങിയത്. ലങ്കന്‍ നിരയില്‍ ലിഹരു കുമാരക്ക് പകരം ബിനുരാ ഫെര്‍ണാണ്ടോ അന്തിമ ഇലവനില്‍ ഇടം പിടിച്ചു. മൂന്ന് മത്സരങ്ങളില്‍ ഒരു ജയം മാത്രമുള്ള വിന്‍ഡീസിന് സെമി പ്രതീക്ഷകള്‍ നില നിര്‍ത്താന്‍ മത്സരത്തിലെ വിജയം നിര്‍ണായകമാണ്. കളിച്ച നാലു മത്സരങ്ങളില്‍ ഒരു ജയം മാത്രമുളള ലങ്കയുടെ സെമി പ്രതീക്ഷകള്‍ നേരത്തെ അവസാനിച്ചിരുന്നു.