ദുബൈ: ടി20 ലോകകപ്പില്‍ തുടര്‍ച്ചയായ മൂന്നാം ജയത്തോടെ സെമി ബെര്‍ത്തുറപ്പിച്ച് പാകിസ്ഥാന്‍. ഗ്രൂപ്പ് രണ്ടിലെ സൂപ്പര്‍ 12ലെ മൂന്നാം മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ അഞ്ച് വിക്കറ്റിനാണ് പാകിസ്ഥാന്‍ തോല്‍പ്പിച്ചത്. നിശ്ചിത ഓവറില്‍ അറ് വിക്കറ്റ് നഷ്ടത്തില്‍ അഫ്ഗാന്‍ ഉയര്‍ത്തിയ 148 റണ്‍സ് വിജയലക്ഷ്യം ആറു പന്തുകള്‍ ബാക്കിനില്‍ക്കേയാണ് പാകിസ്ഥാന്‍ മറികടന്നത്.സ്കോര്‍: അഫ്ഗാനിസ്ഥാന്‍- 147/6 (20) , പാക്കിസ്ഥാന്‍- 148/5 (19).
മത്സരത്തിന്‍റെ അവസാന രണ്ടോവറില്‍ പാക് വിജയത്തിന് 24 റണ്‍സായിരുന്നു വേണ്ടിയിരുന്നത്. എന്നാല്‍ കരീം ജന്നത്ത് എറിഞ്ഞ 19ാം ഓവറില്‍ നാലു സിക്സറുകള്‍ നേടിയ ആസിഫ് അലി അഫ്ഗാന്‍റെ അട്ടിമറി മോഹങ്ങള്‍ അവസാനിപ്പിക്കുകയായിരുന്നു.
ഏഴ് പന്തില്‍ 25 റണ്‍സ് നേടിയ താരം പുറത്താവാതെ നിന്നു. 47 പന്തില്‍ 51 റണ്‍സ് നേടിയ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് പാകിസ്ഥാന്റെ ടോപ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 25 പന്തില്‍ 30 റണ്‍സെടുത്തു. അഫ്‌ഗാനായി റാഷിദ് ഖാന്‍ നാല് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. മുജീബ് ഉര്‍ റഹ്മാന്‍, നവീന്‍ ഉള്‍ ഹഖ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.
നേരത്തെ ടോസ് നേടി അഫാഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. 13ാം ഓവറില്‍ ഏഴിന് 76 എന്ന നിലയില്‍ പരുങ്ങിയ ടീമിനെ ഏഴാം വിക്കറ്റില്‍ ഒത്തുചേര്‍ന്ന മുഹമ്മദ് നബിയും ഗുല്‍ബാദിന്‍ നൈബും ചേര്‍ന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. അവസാന മൂന്നോവറില്‍ 43 റണ്‍സാണ് ഇരുവരും അടിച്ചെടുത്തത്.
ഗുല്‍ബാദിന്‍ 25 പന്തുകളിലും നബി 32 പന്തുകളിലും 35 റണ്‍സ് വീതം കണ്ടെത്തി. നജീബുള്ള സര്‍ദ്രാന്‍ 21 പന്തില്‍ 22 റണ്‍സെടുത്തു. പാക്കിസ്ഥാനായി ഇമാദ് വാസിം നാലോവറില്‍ 25 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ഷഹീന്‍ അഫ്രീദി, ഷദാബ് ഖാന്‍, ഹാരിസ് റൗഫ്, ഹസന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.