ന്യൂഡല്‍ഹി: ടി20 ലോക കപ്പിലെ ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ഇന്ത്യ- പാക് മത്സരം ഒക്ടോബർ 24നു നടക്കും. ഗ്രൂപ്പ് രണ്ടിലെ മത്സരം ദുബായിലാണ് നടക്കുക. ഐസിസിയുമായി അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.
ഒമാന്‍, ദുബായ് എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിലെ ഗ്രൂപ്പുകള്‍ കഴിഞ്ഞ മാസമാണ് ഐസിസി പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 17 മുതല്‍ക്ക് നവംബര്‍ 14 വരെയാണ് ടൂര്‍ണമെന്‍റ് നടക്കുക. ലോകകപ്പില്‍ പാകിസ്ഥാനുമായി ഏറ്റുമുട്ടിയപ്പോഴെല്ലാം വിജയം ഇന്ത്യക്കൊപ്പമായിരുന്നു.
also read: കോലിയും ബാബറും നേർക്കു നേർ വരുന്നു, അറിയാം ലോകകപ്പില്‍ പാകിസ്ഥാൻ തോറ്റോടിയ ചരിത്രം..
ഏകദിന ലോകകപ്പിൽ ഏഴ് തവണയും ടി20 ലോകകപ്പിൽ അഞ്ച് തവണയുമാണ് ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടിയത്. ലോകകപ്പില്‍ ഇന്ത്യ നൂറൂശതമാനം വിജയം നേടിയതും പാകിസ്ഥാനെതിരെയാണ്.
ഇന്ത്യയേയും പാകിസ്ഥാനെയും കൂടാതെ ന്യൂസിലൻഡ്, അഫ്ഗാനിസ്ഥാൻ, ഗ്രൂപ്പ് എ യിലെ റണ്ണറപ്പ്, ഗ്രൂപ്പ് ബി യിലെ വിജയി എന്നിവരും രണ്ടാം ഗ്രൂപ്പിന്‍റെ ഭാഗമാവും. ഗ്രൂപ്പ് ഒന്ന് വമ്പന്മാരുടെ ഗ്രൂപ്പാണ്. ഇംഗ്ലണ്ട്, വെസ്റ്റ് ഇന്‍ഡീസ്, ഓസ്ട്രേലിയ, സൗത്ത് ആഫ്രിക്ക എന്നീ ടീമുകളാണ് ഒന്നാം ഗ്രൂപ്പിലൂള്ളത്. ഇവരെ കൂടാതെ ഗ്രൂപ്പ് എ യിലെ വിജയിയും, ഗ്രൂപ്പ് ബി യിലെ റണ്ണറപ്പും ഒന്നാം ഗ്രൂപ്പിലാണ് മത്സരിക്കുന്നത്.