അബുദാബി : ടി20 ലോകകപ്പിലെ നിർണായക പോരാട്ടത്തിൽ അഫ്‌ഗാനിസ്ഥാനെതിരെ കൂറ്റൻ വിജയം സ്വന്തമാക്കി ഇന്ത്യ. സെമിഫൈനലിലേക്ക് കടക്കാൻ വലിയ വിജയം ആവശ്യമായിരുന്ന പോരാട്ടത്തിൽ 66 റണ്‍സിന്‍റെ വിജയമാണ് ഇന്ത്യ സ്വന്തമാക്കിത്. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 210 റണ്‍സ് നേടിയപ്പോൾ മറുപടിബാറ്റിങ്ങിനിറങ്ങിയ അഫ്‌ഗാനിസ്ഥാന് 20 ഓവറിൽ 144 റണ്‍സ് നേടാനേ സാധിച്ചുള്ളു.
വിജയത്തോടെ പോയിന്‍റും റണ്‍റേറ്റും ഉയർത്താൻ സാധിച്ചുവെങ്കിലും സെമിയിൽ കടക്കണമെങ്കിൽ ഇന്ത്യക്ക് മറ്റു ടീമുകളുടെ വിജയത്തെയും ആശ്രയിക്കേണ്ടിവരും. നിലവിൽ മൂന്ന് കളികളിൽ നിന്ന് ഒരു ജയവും രണ്ട് തോൽവികളുമടക്കം രണ്ട് പോയിന്‍റാണ് ഇന്ത്യക്കുള്ളത്.
നാല് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റുള്ള അഫ്‌ഗാനിസ്ഥാനും, മൂന്ന് മത്സരങ്ങളിൽ നിന്ന് നാല് പോയിന്‍റുള്ള ന്യൂസിലൻഡുമാണ് ഇന്ത്യയുടെ പ്രധാന എതിരാളികൾ. ഇനിയുള്ള രണ്ട് മത്സരങ്ങളിൽ കൂറ്റൻ വിജയം നേടുകയും അടുത്ത മത്സരത്തിൽ ഒന്നിൽ ന്യൂസിലൻഡ് തോൽക്കുകയും ചെയ്‌താൽ മാത്രമേ ഇന്ത്യക്ക് സെമിയിൽ പ്രവേശിക്കാൻ സാധിക്കുകയുള്ളു.
ഇന്ത്യയുടെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ അഫ്‌ഗാന്‍റെ തുടക്കം തന്നെ പാളിച്ചയോടെയായിരുന്നു. രണ്ടാം ഓവറിന്‍റെ അവസാന പന്തിൽ മൊഹമ്മദ് ഷഹ്സാദിനെ പുറത്താക്കി മുഹമ്മദ് ഷമിയാണ് വിക്കറ്റ് വേട്ടയ്‌ക്ക് തുടക്കം കുറിച്ചത്. തൊട്ടടുത്ത ഓവറിൽ തന്നെ മറ്റൊരു ഓപ്പണറായ ഹസ്റത്തുള്ള സസായിയെ പുറത്താക്കി ജസ്പ്രീത് ബുംറ അഫ്‌ഗാൻ നിരയെ ഞെട്ടിച്ചു.
എന്നാൽ പിന്നീട് ഒന്നിച്ച റഹ്മാനുള്ള ഗുര്‍ബാസും ഗുല്‍ബാദിന്‍ നയ്ബും ചേര്‍ന്ന് സ്‌കോർ മെല്ലെ ഉയർത്തി. ഏഴാം ഓവറില്‍ ടീം സ്കോർ 48ൽ നിൽക്കെ ഗുര്‍ബാസിനെ (19) രവീന്ദ്ര ജഡേജയുടെ പന്തില്‍ ഹാര്‍ദിക് പാണ്ഡ്യ മികച്ചൊരു ക്യാച്ചിലൂടെ മടക്കി. പിന്നാലെ ഗുല്‍ബാദിന്‍ നയ്ബിനെ(18) അശ്വിൻ എൽബിയിൽ കുരുക്കി. 11-ാം ഓവറിലെ അവസാന പന്തിൽ നജിബുള്ളഹ് സദ്രാനെ ബൗൾഡാക്കി അശ്വിന്‍ വീണ്ടും തിളങ്ങി.
ഇതോടെ 69/5 എന്ന നിലയിലേക്ക് അഫ്‌ഗാൻ കൂപ്പുകുത്തി. എന്നാൽ ആറാം വിക്കറ്റിൽ ഒന്നിച്ച ക്യാപ്‌റ്റൻ മുഹമ്മദ് നബിയും കരിം ജാനറ്റും ചേർന്ന് അഫ്‌ഗാനെ വൻ തകർച്ചയിൽ നിന്ന് കരകയറ്റി. ഇരുവരും ചേർന്ന് 57 റണ്‍സിന്‍റെ കൂട്ടുകെട്ടാണ് പടുത്തുയർത്തിയത്. ടീം സ്കോർ 126 ൽ വെച്ച് നബിയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്. 32 പന്തിൽ 35 റണ്‍സായിരുന്നു താരത്തിന്‍റെ സമ്പാദ്യം. പിന്നാലെയിറങ്ങിയ റാഷിദ് ഖാനെ തൊട്ടടുത്ത പന്തിൽ തന്നെ മടക്കി അയച്ച് ഷമി വിക്കറ്റ് നേട്ടം മൂന്നാക്കി.
കരിം ജനറ്റ് 22 പന്തിൽ നിന്ന് രണ്ട് സിക്‌സിന്‍റെയും മൂന്ന് ഫോറിന്‍റെയും അകമ്പടിയോടെ 42 റണ്‍സുമായും ഷറഫുദീൻ അഷ്‌റഫ് രണ്ട് റണ്‍സുമായും പുറത്താകാതെ നിന്നു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ രവിചന്ദ്രൻ അശ്വിൻ നാല് ഓവറിൽ വെറും 14 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റും നേടി.
ALSO READ :ഇനി വൻമതില്‍ പരിശീലിപ്പിക്കും, രാഹുല്‍ ദ്രാവിഡിനെ ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനായി നിയമിച്ചു
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഓപ്പണർമാരായ രോഹിത് ശർമ്മയുടേയും(74) കെഎൽ രാഹുലിന്‍റെയും(69) വെടിക്കെട്ട് ബാറ്റിങ് മികവിലാണ് 210 എന്ന കൂറ്റൻ സ്കോറിലേക്ക് എത്തിച്ചേർന്നത്. ടി20 ലോകകപ്പിലെ ഇന്ത്യൻ ഓപ്പണിങ് സഖ്യത്തിന്‍റെ ഏറ്റവും ഉയർന്ന കൂട്ടുകെട്ടാണ് രാഹുലും രോഹിതും ചേർന്ന് അബുബാബിയില്‍ സൃഷ്ടിച്ചത്. 140 റണ്‍സായിരുന്നു ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് അടിച്ചുകൂട്ടിയത്.
എന്നാൽ ഓപ്പണിങ് സഖ്യം പുറത്തായ ശേഷം ക്രീസിലെത്തിയ റിഷഭ് പന്തും, ഹാർദിക് പാണ്ഡ്യയും ചേർന്ന് വമ്പനടികളിലൂടെ സ്കോർ 200 കടത്തി. റിഷഭ് പന്ത് 13 പന്തുകളിൽ നിന്ന് മൂന്ന് സിക്‌സിന്‍റെയും ഒരു ഫോറിന്‍റെയും അകമ്പടിയോടെ 27 റണ്‍സ് നേടി. ഹാർദിക് പാണ്ഡ്യ 13 പന്തുകളിൽ നിന്ന് രണ്ട് സിക്‌സിന്‍റെയും നാല് ഫോറിന്‍റെയും അകമ്പടിയോടെ 35 റണ്‍സും നേടി.