അബുദാബി:പാക്കിസ്ഥാന്‍ സൂപ്പര്‍ ലീഗ് കിരീടം മുള്‍ത്താന്‍ സുല്‍ത്താന്‍സിന്. ഫൈനല്‍ പോരാട്ടത്തില്‍ പെഷവാര്‍ സാല്‍മിക്കെതിരെ 47 റണ്‍സിന്‍റെ ജയം സ്വന്തമാക്കിയാണ് സുല്‍ത്താന്‍സ് കപ്പുയര്‍ത്തിയത്. കലാശപ്പോര്‍ ഓള്‍ റൗണ്ട് പ്രകടനം പുറത്തെടുത്താണ് പെഷവാറിനെ സുല്‍ത്താന്‍സ് തളച്ചത്. മുഹമ്മദ് റിസ്വാനും കൂട്ടരും ഉയര്‍ത്തിയ 206 റണ്‍സെന്ന വിജയ ലക്ഷ്യം പിന്തുടര്‍ന്ന പെഷവാര്‍ ടീമിന് നിശ്ചിത 20 ഓവറില്‍ ഒമ്പത് വിക്കറ്റ് നഷ്‌ടത്തില്‍ 159 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ.
ലീഗില്‍ ആദ്യമായാണ് മുള്‍ത്താന്‍ സുല്‍ത്താന്‍സ് കപ്പടിക്കുന്നത്. ടോസ് നേടി ബൗളിങ് തെരഞ്ഞെടുത്ത പെഷവാര്‍ ടീമിനെതിരെ ഷാന്‍ മസൂദ്, മുഹമ്മദ് റിസ്വാന്‍ ഓപ്പണിങ് കൂട്ടുകെട്ട് 68 റണ്‍സെടുത്ത് അടിത്തറയിട്ടു. മസൂദ് 37 റണ്‍സെടുത്തും നായകന്‍ റിസ്വാന്‍ 30 റണ്‍സെടുത്തും കൂടാരം കയറി. മധ്യനിരയില്‍ ദക്ഷിണാഫ്രിക്കന്‍ മിഡില്‍ ഓര്‍ഡര്‍ ബാറ്റ്‌സ്‌മാന്‍ റിലീ റോസൗ അര്‍ദ്ധസെഞ്ച്വറിയോടെ പുറത്തായി. വണ്‍ ഡൗണായി ഇറങ്ങിയ ഷോയിബ് മഖ്‌സൂദ് അര്‍ദ്ധസെഞ്ച്വറിയോടെ 65 റണ്‍സെടുത്ത് പുറത്താകാതെ നിന്നു. ്പെഷവാറിന് വേണ്ടി സമീന്‍ ഗുള്‍, മുഹമ്മദ് ഇമ്രാന്‍ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തി.