ദുബൈയ്: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ ആദ്യ മത്സരത്തിലെ ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാൻ. ഞായറാഴ്‌ച നടക്കുന്ന മത്സരത്തിനായുള്ള 12 അംഗ ടീമിനെയാണ് പാകിസ്ഥാൻ മത്സരത്തിന് ഒരു ദിവസം മുന്നേ പ്രഖ്യാപിച്ചത്. മുൻ ക്യാപ്‌റ്റൻ സർഫറാസ് ഖാന് ടീമിൽ ഇടം നേടാൻ സാധിച്ചില്ല.
ബാബർ അസം നയിക്കുന്ന ടീമിൽ മുതിർന്ന താരങ്ങളായ ശുഐബ് മാലിക്കും മുഹമ്മദ് ഹാഫിസും ടീമിൽ ഇടം നേടിയിട്ടുണ്ട്. മുഹമ്മദി റിസ്‌വാനാണ് വിക്കറ്റ് കീപ്പർ. ടോസിന് മുൻപായി പിച്ചിന്‍റെ സാഹചര്യം മനസിലാക്കിയാകും പ്ലേയിങ് ഇലവനെ തീരുമാനിക്കുക.
അതേസമയം മികച്ച തയ്യാറെടുപ്പോടെയാണ് തങ്ങൾ ടൂർണമെന്‍റിനെത്തിയിരിക്കുന്നതെന്ന് പാക് ക്യാപ്‌റ്റൻ ബാബർ അസം അറിയിച്ചു. റെക്കോഡുകൾ തിരുത്തപ്പെടാനുള്ളതാണ്. അതിനാൽ ഇന്ത്യക്കെതിരെയുള്ള മുൻതോൽവികളെപ്പറ്റി ഇപ്പോൾ ആലോചിക്കുന്നില്ലെന്നും വിജയം മാത്രമാണ് ലക്ഷ്യമെന്നും ബാബർ പറഞ്ഞു.