ന്യൂഡല്‍ഹി : സയ്യിദ് മുഷ്‌താഖ് അലി ടി20 ടൂര്‍ണമെന്‍റില്‍ (Syed Mushtaq Ali T20) തുടര്‍ച്ചയായ രണ്ടാം കിരീടത്തില്‍ മുത്തമിട്ട് തമിഴ്‌നാട് (Tamil Nadu Cricket Team). കര്‍ണാടകയ്‌ക്കെതിരായ കിരീടപ്പോരാട്ടത്തില്‍ (karnataka Cricket Team ) നാല് വിക്കറ്റിനാണ് തമിഴ്‌നാടിന്‍റെ ജയം.
ടോസ് നഷ്ടപ്പെട്ട് ബാറ്റ് ചെയ്യാനിറങ്ങിയ കര്‍ണാടക നിശ്ചിത ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 151 റണ്‍സാണ് നേടിയത്. മറുപടിക്കിറങ്ങിയ തമിഴ്‌നാട് ആറ് വിക്കറ്റ് നഷ്ടത്തില്‍ 153 റണ്‍സെടുത്തു. സ്‌കോര്‍: കര്‍ണാടക-151/7 (20), തമിഴ്‌നാട്- 153/6 (20).
അവസാന പന്ത് വരെ നീണ്ട ത്രില്ലര്‍
കര്‍ണാടകയ്‌ക്കായി പ്രതീക് ജെയിൻ എറിഞ്ഞ 20ാം ഓവറിലെ അവസാന പന്തില്‍ 5 റൺസായിരുന്നു തമിഴ്‌നാടിന് വേണ്ടിയിരുന്നത്. ജെയിനെ ഡീപ് സ്ക്വയർ ലെഗിലൂടെ സിക്സർ പറത്തി ഷാരൂഖ് ഖാനാണ് ടീമിന് വിജയം സമ്മാനിച്ചത്. 15 പന്തിൽ 33 റൺസെടുത്ത താരം പുറത്താവാതെ നിന്നു.
എന്‍ ജഗദീശന്‍ (46 പന്തില്‍ 41), ഹരി നിശാന്ത് (12 പന്തിൽ 23), വിജയ് ശങ്കർ (22 പന്തുകളിൽ 18), സായ് സുദർശൻ (9), സഞ്ജയ് യാദവ് (5), എം മുഹമ്മദ് (5) എന്നിങ്ങനെയാണ് പുറത്തായ താരങ്ങളുടെ സംഭാവന. സായ് കിഷോര്‍ (6) പുറത്താവാതെ നിന്നു. കര്‍ണാടകയ്‌ക്കായി കെ.സി കരിയപ്പ നാല് ഓവറില്‍ 23 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റ് വീഴ്‌ത്തി. പ്രതീക് ജെയിൻ, വിദ്യാധര്‍ പാട്ടില്‍, കരുണ്‍ നായര്‍ എന്നിവരും ഓരോ വിക്കറ്റ് വീഴ്‌ത്തി.
also read: ATP Finals | എടിപി ഫൈനല്‍സില്‍ അലക്‌സാണ്ടര്‍ സ്വെരേവിന് രണ്ടാം കിരീടം
37 പന്തിൽ 46 റണ്‍സെടുത്ത അഭിനവ് മനോഹറാണ് കര്‍ണാടകയുടെ ടോപ് സ്‌കോറര്‍. രോഹൻ കദം (0) മനീഷ് പാണ്ഡെ (15 പന്തിൽ 13), കരുൺ നായർ (14 പന്തിൽ 18), ബിആർ ശരത് (20 പന്തിൽ 16), പ്രവീൺ ദുബെ (25 പന്തിൽ 33), ജഗദീശ സുചിത് (7 പന്തിൽ 18) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. തമിഴ്‌നാടിനായി സായ് കിഷോർ നാല് ഓവറിൽ 12 റൺസ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റ് വീഴ്ത്തി.
തമിഴ്‌നാടിന് മൂന്നാം കിരീടം
ടൂര്‍ണമെന്‍റില്‍ മൂന്നാം തവണയാണ് തമിഴ്‌നാട് കിരീടം നേടുന്നത്. 2020ല്‍ ബറോഡ, 2006ല്‍ ( പ്രഥമ സയ്യിദ് മുഷ്‌താഖ് അലി ടി20 ) പഞ്ചാബ് എന്നീ ടീമുകളെ തോല്‍പ്പിച്ചാണ് സംഘം നേരത്തെ കിരീടം പിടിച്ചത്. അതേസമയം 2019ല്‍ തമിഴ്‌നാടിനെ തോല്‍പ്പ് കര്‍ണാടക ജേതാക്കളായിരുന്നു.