മുംബൈ: സയ്യിദ് മുഷ്‌താഖ് അലി ട്രോഫി (Syed Mushtaq Ali Trophy) ടി20 ടൂര്‍ണമെന്‍റില്‍ കേരളത്തിന്‍റെ വിജയക്കുതിപ്പിന് വിരാമം. ഗ്രൂപ്പ് ബിയിലെ അവസാന മത്സരത്തില്‍ അസമാണ് കേരളത്തെ തോല്‍പ്പിച്ചത് (Kerala vs Assam Highlights). തുടര്‍ച്ചയായ ഏഴാം വിജയം ലക്ഷ്യമിട്ടെത്തിയ സഞ്‌ജു സാംസണേയും (Sanju Samson) സംഘത്തേയും രണ്ട് വിക്കറ്റുകള്‍ക്കാണ് അസം തോല്‍പ്പിച്ചത്.
ആദ്യം ബാറ്റ് ചെയ്‌ത് കേരളമുയര്‍ത്തിയ 128 റണ്‍സിന് വിജയ ലക്ഷ്യത്തിന് മറുപടിക്കിറങ്ങിയ അസം 19.3 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 130 റണ്‍സെടുത്ത് വിജയം ഉറപ്പിച്ചു. 33 പന്തില്‍ 57 റണ്‍സെടുത്ത് പുറത്താവാതെ നിന്ന റിയാന്‍ പരാഗാണ് (Riyan Parag) അസമിന്‍റെ വിജയ ശില്‍പി. ടൂര്‍ണമെന്‍റില്‍ റിയാന്‍ പരാഗിന്‍റെ തുടര്‍ച്ചയായ ആറാം അര്‍ധ സെഞ്ചുറിയാണ്. ടി 20 ക്രിക്കറ്റ് ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു താരം തുടര്‍ച്ചയായ ആറ് മത്സരങ്ങളില്‍ അര്‍ധ സെഞ്ചുറി നേടുന്നത് (Riyan Parag T20 Record).
ഒരറ്റത്ത് വിക്കറ്റുകള്‍ നിലംപൊത്തുമ്പോള്‍ ഒരു ഫോറും ആറ് സിക്‌സുകളും ഉള്‍പ്പെടെ നേടിയാണ് ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ സഞ്‌ജു സാംസണ്‍ നായകനായ രാജസ്ഥാന്‍ റോയല്‍സിന്‍റെ താരം കൂടിയായ റിയാന്‍ പരാഗ് അസമിനെ വിജയത്തിലേക്ക് നയിച്ചത്. ചെറിയ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ അസമിന്‍റെ തുടക്കം മോശമായിരുന്നു. 9.3 ഓവറില്‍ 48 റണ്‍സ് ചേര്‍ക്കുന്നതിനിടെ മൂന്ന് വിക്കറ്റുകള്‍ ടീമിന് നഷ്‌ടമായി.
നാലാം നമ്പറിലാണ് റിയാന്‍ പരാഗ് ബാറ്റ് ചെയ്യാന്‍ എത്തിയത്. ഒരറ്റത്ത് തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റുകള്‍ പൊഴിഞ്ഞുവെങ്കിലും സമ്മര്‍ദമേല്‍ക്കാതെ ക്രീസിലുറച്ച താരം അസമിന് കാര്യങ്ങള്‍ അനുകൂലമാക്കി. പ്രദ്യുന്‍ സൈക്യ (22 പന്തില്‍ 21), സുമിത് ഘഡിഗോങ്കർ (21 പന്തില്‍ 14), സിബ്‌ശങ്കർ റോയ് (17 പന്തില്‍ 16) എന്നിവരാണ് പരാഗിനെക്കൂടാതെ രണ്ടക്കം തൊട്ട മറ്റ് താരങ്ങള്‍.