മൊഹാലി: സയ്യിദ് മുഷ്‌താഖ് അലി ട്രോഫിയില്‍ കേരളം പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ മേഘാലയയെ തകര്‍ത്താണ് കേരളത്തിന്‍റെ മുന്നേറ്റം. മേഘാലയ ഉയര്‍ത്തിയ 101 റണ്‍സ് വിജയലക്ഷ്യം കേരളം 12.2 ഓവറില്‍ അഞ്ചുവിക്കറ്റ് നഷ്‌ടത്തിലാണ് മറികടന്നത്. പ്രീ ക്വാര്‍ട്ടറില്‍ കരുത്തരായ സൗരാഷ്‌ട്രയാണ് കേരളത്തിന്‍റെ എതിരാളി.
സയ്യിദ് മുഷ്‌താഖ് അലി ട്രോഫി: ഗ്രൂപ്പ് സി യില്‍ കേരളത്തിന് രണ്ടാം സ്ഥാനം, അവസാന മത്സരത്തില്‍ മേഘാലയയെ തകര്‍ത്ത് പ്രീ ക്വാര്‍ട്ടറില്‍ - കേരളം പ്രീ ക്വാര്‍ട്ടറില്‍
സഞ്ജു സാംസണ്‍ നിരാശപ്പെടുത്തിയ മത്സരത്തില്‍ മേഘാലയ്‌ക്കെതിരെ അഞ്ച് വിക്കറ്റിനാണ് കേരളം വിജയിച്ചത്
മേഘാലയക്കെതിരായ മത്സരത്തില്‍ 28 റണ്‍സ് നേടിയ സച്ചിന്‍ ബേബിയാണ് കേരളത്തിന്റെ ടോപ് സ്‌കോറര്‍. വിഷ്‌ണു വിനോദ് 27 റണ്‍സോടെ മികച്ച പ്രകടനം കാഴ്‌ചവച്ചു. ക്യാപ്‌റ്റന്‍ സഞ്ജു സാസംണിന് ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ തിളങ്ങാനായില്ല.
മുഹമ്മദ് അസറുദ്ദീന്‍ (14), രോഹന്‍ കുന്നുമ്മല്‍ (7) എന്നിവരും പുറത്തായി. പുറത്താകാതെ നിന്ന അബ്‌ദുള്‍ ബാസിത് (13), സിജോമോന്‍ ജോസഫ് (4) എന്നിവരാണ് കേരളത്തെ ജയത്തിലേക്ക് എത്തിച്ചത്. മേഘാലയക്കായി ചെങ്കാം സംഗ്മ മൂന്ന് വിക്കറ്റ് സ്വന്തമാക്കി.