കേരളം

kerala

ETV Bharat / sports

സയ്യിദ് മുഷ്‌താഖ് അലി ട്രോഫി: ഹരിയാന കീഴടങ്ങി; കേരളത്തിന് ഹാട്രിക് ജയം - സഞ്‌ജു സാംസണ്‍

സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ക്രിക്കറ്റില്‍ ഹരിയാനയെ മൂന്ന് വിക്കറ്റിന് തോല്‍പ്പിച്ച് കേരളം.

syed mushtaq ali trophy 2022  syed mushtaq ali trophy  kerala vs haryana  kerala vs haryana highlights  സയ്യിദ് മുഷ്‌താഖ് അലി ട്രോഫി  കേരളം vs ഹരിയാന  സഞ്‌ജു സാംസണ്‍  Sanju Samson
സയ്യിദ് മുഷ്‌താഖ് അലി ട്രോഫി: ഹരിയാന കീഴടങ്ങി; കേരളത്തിന് ഹാട്രിക് ജയം

By

Published : Oct 14, 2022, 3:47 PM IST

മൊഹാലി:സയ്യിദ് മുഷ്‌താഖ് അലി ട്രോഫി ടി20 ക്രിക്കറ്റില്‍ ജയം തുടര്‍ന്ന് കേരളം. ഗ്രൂപ്പ് സിയിലെ മൂന്നാം മത്സരത്തില്‍ ഹരിയാനയെ മൂന്ന് വിക്കറ്റിനാണ് കേരളം തോല്‍പ്പിച്ചത്. ആദ്യം ബാറ്റ് ചെയ്‌ത ഹരിയാന 20 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 131 റണ്‍സാണ് നേടിയത്.

മറുപടിക്കിറങ്ങിയ കേരളം 19 ഓവറില്‍ ഏഴ്‌ വിക്കറ്റ് നഷ്‌ടത്തില്‍ 132 റണ്‍സെടുത്തു. 15 പന്തില്‍ പുറത്താവാതെ 27 റണ്‍സെടുത്ത അബ്‌ദുള്‍ ബാസിത്തിന്‍റെ ഇന്നിങ്‌സാണ് കേരളത്തെ വിജയ തീരമണിയിച്ചത്. ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ വിഷ്‌ണു വിനോദും രോഹന്‍ എസ് കുന്നുമ്മലും കേരളത്തിന് നല്‍കിയത്.

ഒന്നാം വിക്കറ്റില്‍ 6.4 ഓവറില്‍ 51 റണ്‍സാണ് ഇരുവരും കൂട്ടിച്ചേര്‍ത്തത്. രോഹനെ ബൗള്‍ഡാക്കി ജയന്ത് യാദവാണ് ഈ കൂട്ടുകെട്ട് തകര്‍ത്തത്. 18 പന്തില്‍ 26 റണ്‍സാണ് താരം നേടിയത്. മൂന്നാമനായി ക്രീസിലെത്തിയ ക്യാപ്റ്റന്‍ സഞ്‌ജു സാംസണ് നാല് പന്ത് മാത്രമായിരുന്നു ആയുസ്.

മൂന്ന് റണ്‍സ് മാത്രം നേടിയ താരത്തെ അമിത് മിശ്രയുടെ പന്തില്‍ ഹിമാന്‍ഷു റാണ പിടികൂടുകയായിരുന്നു. പിന്നാലെ വിഷ്‌ണു വിനോദും വീണു. 26 പന്തില്‍ 25 റണ്‍സായിരുന്നു താരം നേടിയത്. തുടര്‍ന്നെത്തിയ സച്ചിന്‍ ബേബി (6 പന്തില്‍ 4), മുഹമ്മദ് അസറുദ്ദീന്‍ (11 പന്തില്‍ 13), സിജോമോന്‍ ജോസഫ് (16 പന്തില്‍ 13), കൃഷ്‌ണ പ്രസാദ് (14 പന്തില്‍ 9) എന്നിവരും തിരിച്ചുകയറിയതോടെ കേരളം തോല്‍വി മണത്തു.

എന്നാല്‍ മനു കൃഷ്‌ണനെ (4 പന്തില്‍ 4) കൂട്ടുപിടിച്ച് ബാസിത് കേരളത്തിന്‍റെ വിജയം ഉറപ്പിച്ചു. ഹരിയാനയ്‌ക്കായി രാഹുല്‍ തെവാട്ടിയ നാല് ഓവറില്‍ 18 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. ജയന്ത് യാദവ് രണ്ടും അമിത് മിശ്ര ഒരു വിക്കറ്റും സ്വന്തമാക്കി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ഹരിയാനയ്‌ക്ക് ജയന്ത് യാദവ് (25 പന്തില്‍ 39), സുമിത് കുമാര്‍ (23 പന്തില്‍ 30*) എന്നിവരുടെ പ്രകടനമാണ് തുണയായത്. 12.2 ഓവറില്‍ ആറിന് 62 എന്ന നിലയിലേക്ക് തകര്‍ന്ന ഹരിയാനയ്‌ക്കായി ഏഴാം വിക്കറ്റില്‍ ഇരുവരും ചേര്‍ന്ന് 62 റണ്‍സിന്‍റെ കൂട്ടുകെട്ടുയര്‍ത്തി. ജയന്ത് യാദവിനെ റണ്ണൗട്ടാക്കി സച്ചിന്‍ ബേബിയാണ് ഈ കൂട്ടുകെട്ട് പൊളിച്ചത്.

അങ്കിത് കുമാര്‍ (0), ചൈതന്യ ബിഷ്‌ണോയ് (5), ഹിമാന്‍ഷു റാണ (9), നിശാന്ത് സിന്ധു (10), പ്രമോദ് ചാണ്ഡില (24), ദിനേശ് ബന (10) എന്നിങ്ങനെയാണ് മറ്റ് താരങ്ങളുടെ സംഭാവന. കേരളത്തിനായി അബുള്‍ ബാസിത്, മനുകൃഷ്‌ണന്‍, വൈശാഖ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, ബേസില്‍ തമ്പി, ആസിഫ് കെഎം എന്നിവര്‍ ഓരോ വിക്കറ്റുകള്‍ വീതം സ്വന്തമാക്കി.

വിജയത്തോടെ 12 പോയിന്‍റുമായി ഗ്രൂപ്പില്‍ കേരളം ഒന്നാം സ്ഥാനത്ത് തുടരുകയാണ്. മുന്‍ മത്സരങ്ങളില്‍ അരുണാചലിനേയും കര്‍ണാടകയേയുമാണ് കേരളം തോല്‍പ്പിച്ചത്.

also read: സൂര്യയോ രോഹിത്തോ കോലിയോ അല്ല; ടി20 ലോകകപ്പിലെ ഇന്ത്യയുടെ റണ്‍വേട്ടക്കാരനെ പ്രവചിച്ച് ആകാശ് ചോപ്ര

ABOUT THE AUTHOR

...view details