ന്യൂഡല്‍ഹി : സയ്യിദ് മുഷ്‌താഖ് അലി T20 (Syed Mushtaq Ali T20) ടൂര്‍ണമെന്‍റില്‍ കേരളം ക്വാര്‍ട്ടര്‍ ഫൈനലില്‍. പ്രീ ക്വാര്‍ട്ടറില്‍ ഹിമാചല്‍ പ്രദേശിനെ എട്ട് വിക്കറ്റിന് കീഴടക്കിയാണ് കേരളത്തിന്‍റെ മുന്നേറ്റം.
ടോസ് നഷ്ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ ഹിമാചല്‍ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സാണെടുത്തത്. മറുപടിക്കിറങ്ങിയ കേരളം മൂന്ന് പന്തുകള്‍ ബാക്കി നില്‍ക്കെ രണ്ട് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.
SCORE : Himachal Pradesh - 145/6 (20), Kerala - 147/2 (19.3)
57 പന്തില്‍ 60 റണ്‍സടിച്ച ഓപ്പണര്‍ മുഹമ്മദ് അസറുദ്ദീന്‍, 39 പന്തില്‍ 52 റണ്‍സടിച്ച് പുറത്താവാതെ നിന്ന ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ എന്നിവരുടെ പ്രകടനമാണ് കേരളത്തിന്‍റെ വിജയത്തില്‍ നിര്‍ണായകമായത്. റോഹന്‍ എസ് 16 പന്തില്‍ 22 റണ്‍സെടുത്തു. സച്ചിന്‍ ബേബി (10) പുറത്താവാതെ നിന്നു. ഹിമാചലിനായി ആയുഷ് ജാംവാള്‍ നാല് ഓവറില്‍ 21 റണ്‍സ് വഴങ്ങിയും പങ്കജ് ജയ്‌സ്വാള്‍ രണ്ട് ഓവറില്‍ 13 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റുകള്‍ വീഴ്‌ത്തി.
52 പന്തില്‍ 65 റണ്‍സെടുത്ത രാഘവ് ധവാനാണ് ഹിമാചലിന്‍റെ ടോപ് സകോറര്‍. പ്രശാന്ത് ചോപ്ര (36), നിഖില്‍ ഗംഗ്‌ത (1), ആകാശ് വസിഷ്ഠ് (12), ഋഷി ധവാന്‍ (0) എന്നിവരാണ് പുറത്തായ മറ്റ് താരങ്ങള്‍. ദിഗ്‌വിജയ് രംഗി (17), പങ്കജ് ജെയ്സ്വാള്‍ (5) എന്നിവര്‍ പുറത്താവാതെ നിന്നു.
also read:വാര്‍ണറെ IPLല്‍ നിന്നും മാറ്റി നിര്‍ത്തിയത് മോശം ഫോമിനാലല്ല : ബ്രാഡ് ഹഡ്ഡിന്‍
കേരളത്തിനായി മനു കൃഷ്ണന്‍ മൂന്ന് ഓവറില്‍ നാല് റണ്‍സ് മാത്രം വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു. എസ് മിഥുന്‍ മൂന്ന് ഓവറില്‍ 26 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റുകള്‍ നേടി. ബേസില്‍ തമ്പി, ജലജ് സക്‌സേന, എംഎസ് അഖില്‍ എന്നിവര്‍ക്കും ഓരോ വിക്കറ്റുണ്ട്. ബേസില്‍ മൂന്ന് ഓവറില്‍ 33 റണ്‍സും അഖില്‍ 30 റണ്‍സും വഴങ്ങി.