സിഡ്നി: ടി20 ക്രിക്കറ്റിൽ ഏറ്റവും ചെറിയ സ്കോറിന് പുറത്തായെന്ന നാണക്കേടിന്റെ റെക്കോഡ് സ്വന്തമാക്കി ഓസ്ട്രേലിയൻ ബിഗ് ബാഷ് ലീഗിലെ സിഡ്നി തണ്ടർ. 5.5 ഓവറിൽ വെറും 15 റണ്‍സ് മാത്രമാണ് സിഡ്നി തണ്ടറിന് സ്വന്തമാക്കാനായത്. അഡ്ലൈഡ് സ്ട്രൈക്കേഴ്സിന് എതിരായ മത്സരത്തിലാണ് തണ്ടർ താരങ്ങൾ 15 റണ്‍സിന് ഓൾഔട്ട് ആയത്.
ഇംഗ്ലണ്ട് താരം അലക്സ് ഹെയ്ൽസ്, ദക്ഷിണാഫ്രിക്കൻ താരം റൈലി റുസോവ് തുടങ്ങിവരുണ്ടായിട്ടാണ് തണ്ടറിന് ഈ ഗതികേടുണ്ടായത്. ആദ്യം ബാറ്റ് ചെയ്ത അഡ്ലൈഡ് സ്ട്രൈക്കേഴ്സിന്റെ 140 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയതായിരുന്നു സിഡ്നി തണ്ടർ. പക്ഷേ ഇത്ര ചെറിയ സ്കോറിന് പുറത്താകുമെന്ന് എതിരാളികളായ അഡ്ലൈഡ് സ്ട്രൈക്കേഴ്സ് പോലും വിചാരിച്ചു കാണില്ല.
ഹെയ്ല്‍സ് ഉള്‍പ്പെടെ അഞ്ച് താരങ്ങള്‍ പൂജ്യത്തിന് പുറത്തായപ്പോള്‍ ഒരു ബാറ്റര്‍ പോലും രണ്ടക്കം കടന്നില്ല. പത്താമനായി ക്രീസിലെത്തി നാല് റണ്‍സ് നേടിയ ബ്രെന്‍ഡന്‍ ഡോഗെറ്റ് ആണ് ടോപ് സ്കോറര്‍. ടീമിന്റെ ഏക ബൗണ്ടറി നേടിയതും ബ്രെന്‍ഡന്‍ ഡോഗെറ്റ് തന്നെയായിരുന്നു. വെസ് അഗറിന്റെ പന്തിൽ ഡോഗെറ്റിന് ഇൻസൈഡ് എഡ്ജ് ആയി ബൗണ്ടറി ലഭിച്ചപ്പോൾ കാണികൾ ഹർഷാരവത്തോടെയാണ് അത് സ്വീകരിച്ചത്.
സ്ട്രൈക്കേഴ്സിനായി ഹെൻറി ത്രോൺടൺ മൂന്ന് റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ സ്വന്തമാക്കി. വെസ് അഗർ നാല് വിക്കറ്റുകൾ നേടിയപ്പോൾ ബാക്കിയുള്ള ഒരു വിക്കറ്റ് മാത്യൂ ഷോർട്ടും സ്വന്തമാക്കി. 2019ൽ ചെക്ക് റിപ്പബ്ലിക്കിനെതിരെ തുർക്കി 21 റൺസിന് പുറത്തായതായിരുന്നു ഏറ്റവും കുറഞ്ഞ ടീം ടോട്ടൽ. ആ റെക്കോഡാണ് ഇപ്പോൾ സിഡ്നി തണ്ടർ തിരുത്തിക്കുറിച്ചിരിക്കുന്നത്.